സംസ്ഥാന സ്കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടം നിലനിര്‍ത്തി
തൃശൂര്‍: 47മത് സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ 683 പോയിന്റുമായി തിരുവനന്തപുരം കിരീടം നിലനിര്‍ത്തി. നാലു ദിവസവും വ്യക്തമായ മുന്‍തൂക്കം നേടിയാണ് തിരുവനന്തപുരം ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. തൊട്ടടുത്ത എതിരാളികളേക്കാള്‍ 541 പോയിന്റ് അധികം നേടിയാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്.
രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിനു 142 പോയിന്റ് മാത്രമാണ് നേടാനായത്. 134 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനം നേടി. കോട്ടയം(69), കോഴിക്കോട്(13), കണ്ണൂര്‍ (നാല്), കാസര്‍കോട് (നാല്), ആലപ്പുഴ (മൂന്ന്), പാലക്കാട് (ഒന്ന്) ജില്ലകളാണ് പോയിന്റ് പട്ടികയില്‍ ഇടം നേടിയത്. വാട്ടര്‍പോളോയിലും തിരുവനന്തപുരം ജേതാക്കളായി. 10-4 എന്ന സ്കോറിന് തൃശൂരിനെയാണ് തോല്പിച്ചത്. തൃശൂര്‍ അക്വാറ്റിക് കോംപ്ലക്സില്‍ നടന്ന പോരാട്ടത്തില്‍ 71 സ്വര്‍ണവും 70 വെള്ളിയും 62 വെങ്കലവും നേടിയാണ് തിരുവനന്തപുരം ജേതാക്കളായത്. എറണാകുളം(14 സ്വര്‍ണം, 11 വെള്ളി, 10 വെങ്കലം) തൃശൂര്‍ (10 സ്വര്‍ണം, 14 വെള്ളി, 22 വെങ്കലം).
ചാംപ്യന്‍ഷിപ്പിന്റെ സമാപന ദിവസം എറണാകുളത്തിന്റെ മൂന്നു താരങ്ങള്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. ജൂനിയര്‍ ബോയ്സ് വിഭാഗം 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ പി.ജെ ജഗന് നാഥന് (കളമശേരി ഗവ.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ്-2:34:20), സീനിയര്‍ ബോയ്സ് വിഭാഗം 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ അഭിജിത്ത് ഗഗാറിന് (കളമശേരി രാജഗിരി എച്ച്.എസ്-0:55:75), 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ വി.എം കിരണ്‍(കളമശേരി എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ്-1:00:82) എന്നിവരാണ് റെക്കോര്‍ഡ് നേടിയത്. സ്കൂള്‍ പട്ടികയില്‍ തിരുവല്ലം ബി.എന്‍.വി.വി ആന്‍ഡ് എച്ച്.എസ്.എസ് (65), തിരുവനന്തപുരം കന്യാകുളങ്ങര ഗവ. ജി.എച്ച്.എസ്.എസ് (51), കളമശേരി ഗവ. എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് (45) എന്നിവര്‍ മുന്നിലെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ സമ്മാന ദാനം നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്്ടര്‍ ജിമ്മി കെ ജോസ് ചടങ്ങില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."