ജില്ല സമ്പൂര്‍ണ ഒ.ഡി.എഫ്; ശൗചാലയം പോലുമില്ലാതെ കാര്യമ്പാടി കോളനി
സുല്‍ത്താന്‍ ബത്തേരി: വാസയോഗ്യമായ വീടുകളില്ല, വൈദ്യുതി, കുടിവെള്ളം, റോഡ്, ശുചിമുറികളില്ല. നൂല്‍പ്പുഴ പഞ്ചായത്തിലെ 13-ാം വാര്‍ഡ് താഴെ പുത്തന്‍കുന്ന് കാര്യമ്പാടി പണിയ കോളനിയില്‍ ദുരിത ജീവിതത്തിന്റെ നേര്‍രൂപമാണിത്.
ജില്ലയെ സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയായി പ്രഖ്യാപിച്ചെങ്കിലും പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ഒരു ശുചിമുറി പോലുമില്ല.
കോളനിവാസികള്‍ക്ക് പ്രാഥമിക കര്‍മങ്ങള്‍ക്ക് സമീപത്തെ പുഴയോരമാണ് ആശ്രയം. കോളനിയിലെ ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീടുപോലുമില്ല. അനുവദിച്ച് വീടുകള്‍ തറയിലൊതുങ്ങിയ അവസ്ഥയിലാണ്.
വൈദ്യുതി ലൈന്‍ സമീപത്തുകൂടെ കടന്നുപോകുന്നുണ്ടെങ്കിലും കോളനിക്കാര്‍ക്ക് കണക്ഷന്‍ ലഭിച്ചിട്ടില്ല. പലകുടുബങ്ങളും താല്‍ക്കാലിക കൂരക്കുള്ളിലാണ് മക്കളുമായി കഴിഞ്ഞുകൂടുന്നത്.
ഇതിനു പുറമെ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡു പോലുമില്ല. ആദിവാസി മേഖലയിലെ വികസനത്തിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും ഈകോളനിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ അലംബാവം കാണിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."