തോട് മലിനമാക്കി മാലിന്യ നിക്ഷേപം; ജനകീയ സമിതി നഗരസഭക്ക് പരാതി നല്കി
മാനന്തവാടി: മാനന്തവാടി മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് അന്തര്‍ സംസ്ഥാന പാതക്കരികില്‍ മാലിന്യം കുന്നുകൂടുന്നു. നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും ബേക്കറിയില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് വലിയ അളവില്‍ രാത്രിയുടെ മറവില്‍ ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.
ഇതിന് സമീപത്ത് കൂടെയാണ് നിരവധി പേര് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തോട് ഒഴുകുന്നത്. ഈ തോട്ടില്‍ നിന്നുമുള്ള വെള്ളമാണ് ചെറ്റപ്പാലം, വരടിമൂല എന്നിവിടങ്ങളിലേക്കുള്ള നിരവധി കുടുംബങ്ങള്‍ക്കും ആദിവാസി കോളനിയിലുള്ളവര്‍ക്കും കുളിക്കാനും അലക്കാനുമുള്ള വെള്ളത്തിനായുള്ള ഏക ആശ്രയം.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തോടരികില്‍ നിക്ഷേപിച്ചത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായി തീരും. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായാണ് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയിരിക്കുന്നത്.
ദുര്‍ഗന്ധം കാരണം ഇവിടെ ബസ് കാത്ത് നില്ക്കാന് പോലും കഴിയാത്ത സ്ഥിതിയാണ്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചെറ്റപ്പാലം ജനകീയ സമിതി നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."