ജില്ലയില്‍ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചു
കാസര്‍കോട്: ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനുള്ള അനുമതിക്കു കര്‍ശന നിബന്ധന വന്നതോടെ ജില്ലയിലെ മുഴുവന്‍ കരിങ്കല്‍ ക്വാറികളും അടഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 214 ക്വാറികളും അടഞ്ഞതോടെ ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ തൊഴില്‍ രഹിതരായി. അനുബന്ധ തൊഴിലാളികളുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന വാഹനങ്ങള്‍ കട്ടപ്പുറത്തായി. സമീപകാലത്തുണ്ടായിട്ടില്ലാത്ത രീതിയില്‍ വലിയ പ്രതിസന്ധിയാണു നിലവില്‍ ക്വാറി മേഖല നേരിടുന്നത്. ജില്ലയിലെ ക്വാറി പ്രതിസന്ധി മുതലെടുത്തു കര്‍ണാടകത്തില്‍ നിന്നു നിയമവിധേയമായും അല്ലാതെയും വന്‍ തോതില്‍ കരിങ്കല്‍ ഉല്‍പന്നങ്ങളാണു കടത്തുന്നത്.
ക്വാറികളുടെ പ്രവര്‍ത്തനത്തിനുള്ള ദൂരപരിധി റോഡില്‍ നിന്നു 100 മീറ്റര്‍ ആക്കിയതും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിപത്രം നിര്‍ബന്ധമാക്കിയതും ക്വാറികളുടെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമായി. ഹരിത ട്രൈബ്യൂണലിന്റെ വിധിപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കാലതാമസമെടുക്കുന്നതും സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ക്വാറി മേഖലയോടു കാണിക്കുന്ന അവഗണനയും ക്വാറിമേഖലയിലെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമായതായി ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ 214 ക്വാറികളിലായി ലോറി ഡ്രൈവര്‍മാര്‍, ഖനനത്തൊഴിലാളികള്‍, ലോഡിങ് തൊഴിലാളികളടക്കം ഇതുമായി ബന്ധപ്പെട്ടു പണിയെടുക്കുന്ന 12,000ത്തിലധികം തൊഴിലാളികള്‍ തൊഴില്‍ രഹിതരായിരിക്കുകയാണ്. പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടെന്നും സംഭവത്തെപ്പറ്റി വകുപ്പുതല പഠനം കഴിഞ്ഞിട്ട് ഉചിതമായ തീരുമാനമെടുക്കാമെന്നാണു മുഖ്യമന്ത്രി പറഞ്ഞതെന്നും ഓള്‍ കേരളാ ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഫാറൂഖ് പറഞ്ഞു.
അടഞ്ഞു കിടക്കുന്ന ക്വാറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 21നു നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ക്വാറി ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാതിരുന്ന ഈ മേഖലയില്‍ പരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ 2010ലാണു വിവിധ വകുപ്പുകളുമായി ആലോചിച്ച് സര്‍ക്കാര്‍ ക്വാറി ഖനനത്തിനു പ്രത്യേക നിയമങ്ങളുണ്ടാക്കിയത്.
ജനവാസ മേഖലയില്‍ നിന്ന് 50 മീറ്റര്‍ വിട്ടായിരിക്കണം ക്വാറികളുടെ പ്രവര്‍ത്തനം എന്നാണ് അന്നുണ്ടാക്കിയ നിയമത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ 2014ആയപ്പോഴേക്കും ദൂരപരിധി 100 മീറ്റര്‍ ആക്കി.
അതോടെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 185ഓളം ക്വാറികള്‍ പൂട്ടേണ്ടി വന്നു.
പിന്നീട് നിയമം കൂടുതല്‍ കര്‍ശനമായതോടെയാണ് മറ്റു ക്വാറികളും പൂട്ടേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."