കോട്ടപ്പുറം തിയറ്റര്‍ കോംപ്ലക്‌സ് വിഷയം ചര്‍ച്ചയാകും
നീലേശ്വരം: ഇന്നു നടക്കുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കോട്ടപ്പുറത്തു നിര്‍മിക്കാനുദ്ദേശിക്കുന്ന തിയറ്റര്‍ കോംപ്ലക്‌സ് വിഷയം ചര്‍ച്ചയാകും. ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വികസനത്തിനായി നീക്കിവച്ച സ്ഥലം സംസ്ഥാന ചലചിത്ര വികസന കോര്‍പറേഷനു കീഴില്‍ നിര്‍മിക്കുന്ന തിയറ്റര്‍ കോംപ്ലക്‌സിനു വിട്ടുകൊടുക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരേ ലീഗ് കൗണ്‍സലര്‍മാരായിരിക്കും പ്രതിഷേധമുയര്‍ത്തുക. സ്‌കൂളിനായി മാറ്റിവച്ച സ്ഥലത്തു തിയറ്റര്‍ കോംപ്ലക്‌സ് പണിയാനുള്ള നീക്കം 'സുപ്രഭാതം' റിപ്പോര്‍ട്ടു ചെയ്തിരുന്നു.
സ്ഥലം സ്‌കൂളിനു തന്നെ നല്‍കണമെന്നു സ്‌കൂള്‍ പി.ടി.എയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ചു കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ക്കു നിവേദനവും നല്‍കി. നിലവില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുള്ള സ്‌കൂളിനു ആവശ്യമായ കെട്ടിട സൗകര്യങ്ങളില്ല. മൂന്നു വര്‍ഷം മുന്‍പ് ആരംഭിച്ച ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനു സ്വന്തമായി കെട്ടിടവുമായിട്ടില്ല. നിലവില്‍ ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ തിങ്ങിഞെരുങ്ങിയാണു ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്.
തിയറ്റര്‍ കോംപ്ലക്‌സിനായി നിശ്ചയിച്ച സ്ഥലമാണു ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനു കെട്ടിടം നിര്‍മിക്കാനായി കണ്ടുവച്ചിരുന്നത്. ഇവിടെ ലാബും ലൈബ്രറിയും ഇതിനകം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."