ചേലേമ്പ്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് അയച്ച മാലിന്യം തമിഴ്‌നാട്ടിലെത്തി; 23 വാഹനങ്ങള്‍ കസ്റ്റഡിയില്‍
ചേലേമ്പ്ര: കര്‍ണാടകയിലെ മാണ്ഡ്യയിലേക്കു കയറ്റി വിട്ട ചേലേമ്പ്ര പഞ്ചായത്തിലെ മാലിന്യങ്ങള്‍ അടങ്ങിയ ലോറികള്‍ തമിഴ്‌നാട്ടില്‍ വാളയാര്‍ ചെക്ക് പോസ്റ്റിനടുത്തു ചാവടിയില്‍ പൊലിസും നാട്ടുകാരും തടഞ്ഞു. ഇതോടെ പഞ്ചായത്തില്‍ കഴിഞ്ഞ മൂന്നു മാസക്കാലമായി ജനകീയമായി നടപ്പിലാക്കികൊണ്ടിരുന്ന ഗ്രാമം ആരാമം പദ്ധതി ആരോപണക്കുരുക്കിലായി.
കര്‍ണാടകയിലേക്കയച്ച മാലിന്യങ്ങളടങ്ങിയ വാഹനം എങ്ങനെ തമിഴ്‌നാട്ടിലെത്തിയെതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ആകെ പദ്ധതി വഴി 26 ലോഡുകളാണ് ഇതു വരെ കയറ്റിയയച്ചത്. ഇതില്‍ തമിഴ്‌നാട്ടില്‍ തടഞ്ഞത് അഞ്ചു ലോറികളാണ്. അഞ്ച്് ഡ്രൈവര്‍മാരും കസ്റ്റഡിയിലാണുള്ളത്. ദീപാവലി അവധി വരുന്നതിനാല്‍ ചൊവ്വാഴ്ചയെങ്കിലും ആകും ഡ്രൈവര്‍മാരെ ജാമ്യത്തിലിറക്കാന്‍ എന്നാണറിയുന്നത്. മെഡിക്കല്‍ മാലിന്യം നിറച്ച ലോഡുകളാണെന്ന സന്ദേശത്തെത്തുടര്‍ന്നാണു തടയുന്നതും ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ വെക്കുന്നതും. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ സാധാരണ ജനങ്ങള്‍ മുതല്‍ വിവിധ മത-സാംസ്‌കാരിക-രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഒരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ശോഭ കെടുത്തുന്നതായി പുതിയ വിവാദം.
അതേസമയം മാലിന്യം എങ്ങനെ തമിഴ്‌നാട്ടിലെത്തി എന്നതിന്റെ വ്യക്തമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കായില്ല. നിറവ് വേങ്ങേരിയുമായിട്ടാണു പഞ്ചായത്ത് കരാറിലേര്‍പ്പെട്ടത്.അതുകൊണ്ടു തന്നെ ഡ്രൈവര്‍മാരെ ജാമ്യത്തിലിറക്കുന്നതുള്‍പ്പെടെയുളള നടപടികളില്‍ പഞ്ചായത്തിനു യാതൊന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍. അതേസമയം കര്‍ണാടകയിലെ മാണ്ഡ്യയിലുളള സംസ്‌കരണ യൂനിറ്റലെത്തിക്കുന്നതിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചുമതല ഒരു സ്വകാര്യ ഏജന്‍സിയെയാണു നിറവ് വേങ്ങേരി ഏല്‍പിച്ചിരുന്നത്. ഡ്രൈവര്‍മാരുടെ ഉത്തരവാദിത്തം അവരുടെ ചുമതലയാണെന്ന നിലപാടിലാണു നിറവ്. അഞ്ച് ലോഡുകള്‍ മാത്രമാണു ചേലേമ്പ്രയില്‍ നിന്നുള്ളൂവെന്നും കര്‍ണാടകയിലെ സംസ്‌കരണ യൂനിറ്റില്‍ തിരക്ക് അനുഭവപ്പെടുമ്പോള്‍ ചാവടിയില്‍ വെച്ചു വേര്‍തിരിക്കാറുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചുമതലയുള്ള സ്വകാര്യ ഏജന്‍സി സുപ്രഭാതത്തോട് പറഞ്ഞു.
അങ്ങിനെയാണു ചേലേമ്പ്രയിലേതുള്‍പ്പെടെയുളള ലോഡുകള്‍ തമിഴ്‌നാട്ടിലെത്തിയത്. ചെക്ക് പോസ്റ്റ് കടന്നതിനു ശേഷമാണു പിടിക്കപ്പെട്ടതെന്നും ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഏജന്‍സി പറഞ്ഞു.
ലോഡ് ഒന്നിന് 27000 രൂപ വെച്ചുളള കരാറിലാണു പഞ്ചായത്ത് നിറവ് വേങ്ങേരിയുമായി ഒപ്പു വെച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 12 ലക്ഷവും തനത് ഫണ്ടില്‍ നിന്ന് 2.5 ലക്ഷവും ഗ്രാമം ആരാമം പദ്ധതിക്കു വകയിരുത്തിയിട്ടുണ്ട്. കൂടാതെ ക്യാമ്പയിനു വേണ്ടി 3.5 ലക്ഷ രൂപ ജനകീയാടിസ്ഥാനത്തില്‍ പിരിച്ചിട്ടുമുണ്ട്. നിറവു വേങ്ങേരിയുമായുളള കരാറില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മാലിന്യം ഇറക്കുന്ന ഫോട്ടോയും കയറ്റുന്ന ഫോട്ടോയും സമര്‍പ്പിച്ചാല്‍ മാത്രമാണു പഞ്ചായത്ത് ഫണ്ട് നല്‍കുകയുള്ളൂ എന്ന വ്യവസ്ഥയുള്‍പ്പെടെ ഉണ്ടെന്നറിയുന്നു. ഇന്ന് നടക്കുന്ന പഞ്ചായത്ത് ബോഡ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."