നിരത്താന്‍ നഷ്ടക്കണക്കുകള്‍ മാത്രം; മണ്‍പാത്രനിര്‍മാണം വിസ്മൃതിയിലേക്ക്
തിരൂരങ്ങാടി: മെയ്‌വഴക്കവും കലാവിരുതുമായി കളിമണ്ണില്‍ കടഞ്ഞെടുത്ത മണ്‍പാത്രങ്ങളും വിസ്മൃതിയിലേക്ക്. പാചകപാത്രങ്ങളില്‍ വന്ന അനിയന്ത്രിത മാറ്റം തകര്‍ത്തത് പരമ്പരാഗതമായി കൈമാറിവന്ന കുടില്‍വ്യവസായത്തെ മാത്രമല്ല, ധൈര്യമായി ഉപയോഗിക്കാവുന്ന പാചകപാത്രങ്ങളെ കൂടിയാണ്. ജില്ലയില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മണ്‍പാത്രനിര്‍മാണ കുടിലുകളില്‍നിന്നു ദാരിദ്ര്യത്തിന്റെ തേങ്ങലുകള്‍ ഉയര്‍ന്നുത്തുടങ്ങിയിരിക്കുന്നു.
അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ധനവും വില്‍പനയില്‍വന്ന ഗണ്യമായ കുറവുമാണ് ഈ കുടില്‍ വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചത്. ദിവസങ്ങളോളമെടുക്കുന്ന അധ്വാനം. ഊരുചുറ്റിയുള്ള വില്‍പന. അവസാനം എല്ലാം കൂട്ടിക്കിഴിക്കുമ്പോള്‍ നഷ്ടങ്ങളുടെ വേലിയേറ്റമെന്ന് തൊഴിലാളികള്‍. പാലക്കാട് ജില്ലയില്‍ നിന്നാണ് ജില്ലയിലേക്ക് കളിമണ്ണ് എത്തിക്കുന്നത്. മിനിലോറിയില്‍ ഒരുലോഡ് കളിമണ്ണ് ജില്ലയിലെത്താന്‍ പതിനയ്യായിരം രൂപയോളം വരും ചെലവ്. കുടിലില്‍ കൊണ്ടുവന്ന് കുഴച്ച് ചക്രത്തിലിട്ട് പാത്രം നിര്‍മിക്കും. ചുരുങ്ങിയത് അഞ്ഞൂറ് പാത്രങ്ങളെങ്കിലും വേണം ഒരു ചൂള തയാറാക്കാന്‍. ഇതിന് ദിവസങ്ങളെടുക്കും. ചൂളയില്‍ പാത്രം വേവിച്ചെടുക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണം. എല്ലാം പൂര്‍ത്തിയാക്കി ദിവസക്കൂലി കണക്കാക്കുമ്പോള്‍ വെറും തുച്ഛം മാത്രം. പുറത്തെടുത്ത പാത്രങ്ങള്‍ വില്‍പന നടത്തേണ്ട ചുമതല സ്ത്രീകള്‍ക്കാണ്. പ്രത്യേകം തയാറാക്കിയ കോട്ടയില്‍ തലച്ചുമടായി വീടുകള്‍ കയറിയിറങ്ങിയാണ് വില്‍പന. ചകിരി, വിറക് എന്നിവയുടെ വിലവര്‍ധനവും നിര്‍മാണച്ചെലവ് വര്‍ധിപ്പിച്ചു.
ആളുകള്‍ സ്റ്റീല്‍, അലുമിനിയ പാത്രങ്ങള്‍ സ്ഥിരമാക്കിയതോടെ മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞെന്ന് ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കലം, കൂജ, കറിച്ചട്ടി തുടങ്ങിയവയൊക്കെ അലുമിനിയം പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് വഴിമാറിയതോടെ ആവശ്യക്കാര്‍ പത്തിരിച്ചട്ടിയില്‍ മാത്രം ഒതുങ്ങിയതായി കോട്ടയ്ക്കല്‍ ചങ്കുവെട്ടി കൊയൂര്‍ കൊണ്ടൂര്‍ മണി പറയുന്നു. കുംബാരന്‍, കൊശവന്‍, വേളാന്‍, ഓടന്‍ സമുദായക്കാരാണ് കേരളത്തില്‍ മണ്‍പാത്ര നിര്‍മാണരംഗത്തുള്ളത്. തെക്കന്‍ കേരളത്തില്‍ കൊശവന്മാരും, വടക്കന്‍ കേരളത്തില്‍ കുംബാരന്‍മാരും, മധ്യകേരളത്തില്‍ ഓടന്‍, വേളാന്‍ എന്നിവരുമാണ്.
പതിവ്‌രീതിയായ ചക്രം സ്വയംതിരിച്ചാണ് ഭൂരിഭാഗം ആളുകളും പാത്രങ്ങള്‍ നിര്‍മിക്കുന്നതെങ്കിലും ചിലര്‍ ചക്രത്തില്‍ മോട്ടോര്‍ ഘടിപ്പിച്ചും പ്രവര്‍ത്തിക്കുന്നു. നിര്‍മാണ രംഗത്ത് പുരുഷന്മാരാണ് പ്രവര്‍ത്തിക്കുന്നത്. ദിവസക്കൂലിപോലും ലഭിക്കാതായതോടെ പലരും രംഗംവിട്ട് കൂലിപ്പണിക്ക് പോയി. നഷ്ടക്കച്ചവടമായതോടെ പുതുതലമുറ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോകുന്നതും വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതും പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തിന് മരണമണി മുഴക്കുന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."