പൊന്നാനി കോള്‍ വികസന സമിതി വിളിച്ചു ചേര്‍ക്കാന്‍ നടപടിയായില്ല
മാറഞ്ചേരി: പൊന്നാനി തൃശൂര്‍ കോള്‍ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകരിച്ച പൊന്നാനി കോള്‍ വികസന സമിതി വിളിച്ചു ചേര്‍ക്കാന്‍ നടപടിയായില്ല. കോള്‍ വികസന സമിതിയുടെ പ്രവര്‍ത്തനം നിര്‍ജീവമായതിനെക്കുറിച്ച് സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീപിച്ചെങ്കിലും സമിതി ഇനിയും വിളിച്ചു ചേര്‍ത്തിട്ടില്ല.
ഇത് നെല്‍ കര്‍ഷകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച നെല്ലുസംഭരണ കേന്ദ്രവും വിത്തുല്‍പാദന കേന്ദ്രവുമായ പൊന്നാനി കോള്‍ മേഖലയുടെ സമഗ്ര വികസനത്തിന് നേതൃത്വം നല്‍കേണ്ട ചുമതല കോള്‍ വികസന സമിതിക്കാണ്.
കഴിഞ്ഞ യു.പി.എ ഗവ. കാലത്ത് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ നിരവധി വികസന പദ്ധതികളാണ് മേഖലയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടത്. ഇതിനായി 420 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചിരുന്നു. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ കോള്‍ മേഖല സന്ദര്‍ശിച്ചപ്പോള്‍ നെല്ല് സംഭരിച്ചതില്‍ ബാക്കി നല്‍കാനുള്ള തുകയുടെ കാര്യത്തിലടക്കം നല്‍കിയ ഉറപ്പുകള്‍ എത്രയും പെട്ടെന്ന് പാലിക്കണമെന്ന ആവശ്യവും കര്‍ഷകരില്‍ നിന്ന് ഉയരുന്നുണ്ട്.
അതിനിടെ ജല ദൗര്‍ലഭ്യവും വൈദ്യുതി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനായി പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസില്‍ ചേരാനിരുന്ന യോഗം ഉദ്യോഗസ്ഥരുടെ ജോലി ബാഹുല്യം കാരണം മാറ്റിവച്ചിരുന്നു. പുഞ്ച സീസണ്‍ ആരംഭിച്ച ഈ സമയത്ത് സര്‍ക്കാരിന്റെയും അധികൃതരുടെയും അലംഭാവം വെടിയണം എന്നാണ് കര്‍ഷകരുടെ ആവിശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."