മാമുക്കോയയുടെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് വഴി പൊളിച്ചുമാറ്റി
ഫറോക്ക്: ബേപ്പൂര്‍ റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സിനിമാ നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് വഴി പൊളിച്ചുമാറ്റി. വീടിന്റെ ഗേറ്റില്‍ നിന്ന് റോഡിലേക്ക് കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് പൊളിച്ചുനീക്കിയത്. കോര്‍പറേഷന്‍ ഭൂമി കൈയേറി നിര്‍മിച്ചതാണെന്ന് കാണിച്ച് ഇന്നലെ പകല്‍ 12ഓടെയാണ് കോര്‍പറേഷന്‍ അധികാരികള്‍ ജെ.സി.ബി ഉപയോഗിച്ച് വഴി പൊളിച്ചുനീക്കിയത്. അതേസമയം താന്‍ കൈയേറ്റം നടത്തിയിട്ടില്ലെന്നും കോര്‍പറേഷന്‍ ശുദ്ധ തെമ്മാടിത്തരമാണ് കാണിച്ചതെന്നും മാമുക്കോയ പ്രതികരിച്ചു. ഇതു സംബന്ധിച്ച് യാതൊരു നോട്ടിസും നല്‍കിയിട്ടില്ലെന്നും വാഹനം റോഡിലേക്ക് ഇറക്കാന്‍ സാധിക്കാതായെന്നും കോര്‍പറേഷനും മാറാട് പൊലിസുമായുള്ള ഒത്തുകളിയാണ് നടപടിക്ക് പിന്നിലിലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ നാട്ടുകാര്‍ രണ്ടു ചേരിയായത് സ്ഥലത്ത് ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടാക്കി. പിന്നീട് പൊലിസും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള മധ്യസ്ഥശ്രമത്തിനൊടുവിലാണ് മാമുക്കോയയുടെയും സമീപത്തമുള്ള മുഴുവന്‍ പേരുടെയും കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കിയത്. മാമുക്കോയയുടെ വീട് ഉള്‍പ്പെടുന്ന റസിഡന്‍സ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് അനധികൃത ഒഴിപ്പിക്കല്‍ നടത്തിയത്. ബേപ്പൂര്‍ റോഡില്‍ മീഞ്ചന്ത റെയില്‍വേ മേല്‍പ്പാലം മുതല്‍ ബേപ്പൂര്‍ വരെയുള്ള കൈയേറ്റങ്ങള്‍ നീക്കം ചെയ്യാനാണ് കോര്‍പറേഷന്‍ തീരുമാനം. അരക്കിണര്‍ വരെയുള്ള കൈയേറ്റങ്ങളാണ് ഇന്നലെ നീക്കിയത്. റോഡിലേക്കും നടപ്പാതയിലേക്കും കയറ്റിയുണ്ടാക്കിയ വഴികളും കടകളുടെ ഷീറ്റുകളുമാണ് പൊളിച്ചുനീക്കി. രാവിലെ എഴിന് ആരംഭിച്ച ഒഴിപ്പിക്കല്‍ ഉച്ചയ്ക്ക് ഒന്നുവരെ തുടര്‍ന്നു.
അതേസമയം മുന്നറിയിപ്പില്ലാതെയുള്ള കോര്‍പറേഷന്‍ നടപടി പ്രതിഷേധത്തിനടയാക്കി. കൈയേറിയ സ്ഥലമാണ് പൊളിച്ചുമാറ്റിയതെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ടി.പി സതീശന്‍ പറഞ്ഞു. നേരത്തെ നോട്ടിസ് നല്‍കിയും ഫോണ്‍മുഖേന അറിയിച്ചുമാണ് നടപടി സ്വീകരിച്ചത്. സ്വന്തം ചെലവില്‍ എല്ലാ തടസങ്ങളും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായും സെക്രട്ടറി പറഞ്ഞു. റവന്യു ഇന്‍സ്‌പെക്ടര്‍ സുരേഷ്, ഓവര്‍സിയര്‍ ഗോപിനാഥ പിള്ള, എച്ച്.ഐ ഗണേഷന്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി. പ്രതിഷേധം ഭയന്ന് ബേപ്പൂര്‍ എസ്.ഐ.കെ അജീഷ്, മാറാട് എസ്.ഐ രമേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് കാവലിലാണ് ഒഴിപ്പിക്കല്‍ നടന്നത്. റോഡിന്റെ ഇരുഭാഗങ്ങളിലേയും കൈയേറ്റം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രദേശവാസികളില്‍ ഒരുവിഭാഗം കോര്‍പറേഷന്‍ അധികൃതരം സമീപിച്ചിരുന്നുവെന്ന് അരക്കിണര്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.പി ബീരാന്‍കോയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."