ആശുപത്രി വളപ്പില്‍ മൃതദേഹാവശിഷ്ടങ്ങള്‍; പ്രതിഷേധവുമായി പ്രദേശവാസികള്‍
ബാലുശ്ശേരി: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കി. ആശുപത്രിയിലെ അനാട്ടമി വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയ അവശിഷ്ടങ്ങളാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് പുറത്തായത്. ഇന്നലെ രാവിലെ തെരുവുനായ്ക്കളുടെ ശബ്ദംകേട്ട് എത്തിയ പ്രദേശവാസികളാണ് മനുഷ്യന്റെ തലഭാഗം ആശുപത്രി വളപ്പില്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലിസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലെ അനാട്ടമി വിദ്യാര്‍ഥികള്‍ പഠനശേഷം ഒഴിവാക്കിയ ശരീരാവശിഷ്ടങ്ങളാണെന്ന് മനസിലായത്. എന്നാല്‍ ഇത്തരം അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന് ആശുപത്രിയില്‍ ബറിയല്‍ ഗ്രൗണ്ട് സംവിധാനമില്ല. വര്‍ഷത്തില്‍ എട്ടു മൃതദേഹങ്ങളാണ് വിദ്യാര്‍ഥികളുടെ പഠനത്തിനായി ഇവിടേക്കു കൊണ്ടുവരുന്നത്.
ഫോര്‍മലിനില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങളായതിനാല്‍ നശിക്കാതെ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും താഴ്ചയുള്ള പ്രത്യേകം സജ്ജമാക്കിയ ടാങ്കുകളിലാണ് ഇവ സംസ്‌കരിക്കേണ്ടതെന്നും അനാട്ടമി വിഭാഗം മേധാവി ഡോ. കെ.എന്‍ രാധ പറഞ്ഞു. മൃതദേഹം കൈകാര്യം ചെയ്തവരുടെ ഭാഗത്തുനിന്നുണ്ടായ കൈപ്പിഴയാണ് ഇങ്ങനെ സംഭവിക്കാനിടയാക്കിയതെന്നും അവര്‍ വ്യക്തമാക്കി. നൂറുകണക്കിനു കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ശ്രദ്ധയില്ലാതെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി വാര്‍ഡ് മെമ്പര്‍ പെരിങ്ങിനി മാധവന്‍ പറഞ്ഞു. താമരശ്ശേരി ഡിവൈ.എസ്.പി പി.കെ അഷ്‌റഫ്, ബാലുശ്ശേരി എസ്.ഐ വി. സിജിത്ത്, അത്തോളി എസ്.ഐ രവി കൊമ്പിലാട്, കൊയിലാണ്ടി തഹസില്‍ദാര്‍ എന്‍. റംല എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലേക്കയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."