സ്റ്റേഷന് ഭരണം പാര്‍ട്ടി നടത്തേണ്ടന്ന് പിണറായി
തിരുവനന്തപുരം: പാര്‍ട്ടി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പൊലിസില്‍ ഇടപെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍ദേശം നല്കി.
കൊച്ചിയില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഗുണ്ടകളുമായി ചേര്‍ന്ന് പൊലിസിനെ സമ്മര്‍ദത്തിലാക്കിയതിനെ തുടര്‍ന്നാണ് കോടിയേരിയെ വിളിച്ച് പിണറായി നിര്‍ദേശം വച്ചത്. സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്ക്കുന്ന തരത്തില്‍ നിരവധി പരാതികള്‍ വരുന്നുണ്ടെന്നും പൊലിസ് സ്റ്റേഷനുകളില്‍ കയറി പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥം നില്‍ക്കുന്നതായും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ കുറിച്ചും പിണറായി കോടിയേരിയോട് സൂചിപ്പിച്ചു. പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പിണറായി കോടിയേരിയോട് പറഞ്ഞു.
ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒരു രീതിയിലും സഹായിക്കുന്ന തരത്തിലുള്ള ഇടപെടല്‍ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ നിന്നുണ്ടാകരുതെന്നും ഇക്കാര്യത്തില്‍ കീഴ്ഘടകങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്കാന് പിണറായി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്കു സര്‍ക്കുലറയച്ചു.
ഏതൊരു കാരണവശാലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭരണതലത്തില്‍ അനാവശ്യമായ ഇടപെടല്‍ ഒഴിവാക്കുന്നത് സംബന്ധമായ കൂടുതല്‍ നിര്‍ദേശങ്ങള്‍ അടുത്ത സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."