തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ മേനകഗാന്ധിയെ വിമര്‍ശിച്ച് വി മുരളീധരന്റെ കത്ത്
തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ നിയമം ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനകഗാന്ധിയുടെ പ്രസ്താവനക്കെതിരേ ബി.ജെ.പി സംസ്ഥാന മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ രംഗത്ത്. പ്രസ്താവനയില്‍ അതൃപ്തി അറിയിച്ചു മുരളീധരന്‍ മേനകഗാന്ധിക്ക് കത്തയച്ചു.
കേരളത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുകയും കുട്ടികളെ ഉള്‍പ്പെടെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍, തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളുടെമേല്‍ ചുമത്തുന്ന കാപ്പ നിയമം ചുമത്തണമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ഇത്തരം പ്രസ്താവനകള്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള, താങ്കള്‍കൂടി ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബി.ജെ.പിയില്‍നിന്ന് അകറ്റാനും മാത്രമേ ഉപകരിക്കൂവെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരില്‍ ശിശുക്കളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള മന്ത്രിയാണല്ലോ താങ്കള്‍. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനു കുട്ടികള്‍ക്കാണ് കേരളത്തില്‍ തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയോ അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനോ തയാറാകാതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."