കേരളത്തെ ടോള്‍ഫ്രീ സംസ്ഥാനമാക്കും
മൂന്നിടങ്ങളിലെ ടോള്‍ പിരിവ് 31ന് അവസാനിപ്പിക്കും
പാലിയേക്കര വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും
തിരുവനന്തപുരം: കേരളത്തെ ടോള്‍ഫ്രീ സംസ്ഥാനമാക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു. നാഷണല്‍ ഹൈവേകളിലുള്ള അഞ്ച് ടോള്‍ ബൂത്തുകള്‍ ഈ സര്‍ക്കാര്‍ വന്നശേഷം അവസാനിപ്പിച്ചു. നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നിടങ്ങളിലെ ടോള്‍ പിരിവ് ഈ മാസം 31ന് അവസാനിപ്പിക്കും. പാലിയേക്കര ടോള്‍ പിരിവില്‍ സര്‍ക്കാര്‍ ഇടപെടും.
പ്രധാനപ്പെട്ട റോഡുകള്‍ക്ക് ഡിസൈന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിരത്തുകളിലും പാലങ്ങളിലും ഉപരിതലം പുതുക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഫണ്ടിന്റെ ലഭ്യതയനുസരിച്ച് എല്ലാ റോഡുകളും ദേശീയനിലവാരത്തില്‍ ഉയര്‍ത്തും. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍മാരുടെ ചുമതലയില്‍ പ്രാദേശിക ലാബുകളും മറ്റു ജില്ലകളില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളും സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങി. നിലവിലെ മാന്വല്‍ അനുസരിച്ച് ഗുണനിലവാര പരിശോധന നടത്തുന്നുണ്ട്. അതുപോലെ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണവും വേഗത്തില്‍ നടത്തും.
300 അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുടെയും 1,200 ഓവര്‍സിയര്‍മാരുടെയും ഒഴിവാണ് പൊതുമരാമത്ത് വകുപ്പിലുള്ളത്. പി.എസ്.സി ഇത് നികത്തിയിട്ടില്ല. പ്രവര്‍ത്തനങ്ങളില്‍ പോരായ്മ നേരിടുന്നത് ഇതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
എവിടെയെങ്കിലും അനുമതിയില്ലാതെ റോഡ് കുഴിച്ചാല്‍ എം.എല്‍.എമാര്‍ ഇടപെടണം. കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിര്‍മാണത്തിനായി പ്രത്യേക യോഗം വിളിക്കും.
കരമന കളിയിക്കാവിള റോഡ് വികസനത്തിന് രണ്ടാംഘട്ടത്തില്‍ പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം കൊടിനടവരെ 173 പേര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇവിടെ റോഡ് നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിന് സ്‌പെഷ്യല്‍ ഓഫിസറെ നിയോഗിക്കുന്ന കാര്യം ആലോചിക്കും. ടോള്‍ ബൂത്തുകളില്‍ അതത് ദിവസം കടന്നുപോയ വാഹനങ്ങളുടെ എണ്ണം, പിരിച്ച ടോള്‍ തുക തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.
റോഡുകള്‍ കുഴിക്കുമ്പോള്‍ അവ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുക പൊതുമരാമത്ത് വകുപ്പില്‍ അടച്ച് അനുമതി വാങ്ങണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."