നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ ഐശ്വര്യം ജങ്കാര്‍ തിരികെ കൊണ്ടുപോകും
പൂച്ചാക്കല്‍:പെരുമ്പളം ദ്വീപിലെ വിവാദമായ ഐശ്വര്യം ജങ്കാര്‍ ഇന്ന് തിരികെ കൊണ്ടുപോകും. ദ്വീപ് നിവാസികള്‍ക്ക് സ്വന്തമായി നല്‍കിയ പെരുമ്പളം പാണാവള്ളി ഫെറിയില്‍ സര്‍വ്വീസ് നടത്താന്‍ നിര്‍മിച്ച എംഎല്‍.എ യുടെ ഐശ്വര്യം ജങ്കാറാണ് അപാകത പരിഹരിക്കാനായി തിരിച്ചു കൊണ്ടുപോകുന്നത്.
എ എം ആരിഫ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പെരുമ്പളം ദീപിന് സ്വന്തം ജങ്കാര്‍ എന്ന പേരില്‍ 17626622 രൂപ മുടക്കി നിര്‍മിച്ച് കൊണ്ടുവന്ന ജങ്കാര്‍ മാസങ്ങളായി പെരുമ്പളം ദീപില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ജെട്ടികളില്‍ അടുപ്പിക്കാന്‍ പറ്റിയ രീതിയിലയിരുന്നില്ല ജങ്കാര്‍ നിര്‍മിച്ചിരുന്നത്. ഇത് ഉദ്ഘാടന ദിവസം തന്നെ വിവാദമായിരുന്നു.
തുടര്‍ന്ന് ജങ്കാറിന് അനുസരിച്ച് ജെട്ടി പൊളിച്ച് പണിയാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പിന്നീട് ജെട്ടി പൊളിച്ചുപണിയാന്‍ തന്നെ ധാരണയായി. ഇതിനായി പെരുമ്പളം സ്വദേശി മോഹനനെ കരാര്‍ ചുമതലയും ഏല്‍പ്പിച്ചു. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് ചര്‍ച്ചയാകുകയും കളക്ടറും വകുപ്പ് മന്ത്രിയും ഇതില്‍ ഇടപെട്ടതോടെ ജങ്കാറിന്റെ നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ ധാരണയാകുകയും ചെയ്തു.
സര്‍ക്കാര്‍ മേഖലയില്‍ ഉള്ള കിന്‍കോയാണ് ജങ്കാര്‍ നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അപാകത അംഗീകരിക്കാന്‍ കിന്‍കോ അധികൃതര്‍ തയ്യാറാകാതെ വന്നതാണ് മാസങ്ങളോളം കായലോരത്ത് ജങ്കാര്‍ കെട്ടിയിടേണ്ടി വന്നതും വിവാദമായതും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായി എം.എല്‍.എയുടെ നേതൃത്വത്തില്‍ മന്ത്രിയടക്കം വന്ന് ഉദ്ഘാടന മാമാങ്കം നടത്തിയ ഐശ്വര്യം ജങ്കാര്‍ പെരുമ്പളം ദ്വീപിന് നല്‍കിയത്.
നിലവിലെ അപാകത പരിഹരിക്കല്‍ പ്രയാസകരമാണ്.മുന്‍വശം നീളം കൂട്ടി നിര്‍മിച്ച് വാഹനങ്ങള്‍ കയറ്റി ഇറക്കാനുള്ള റാമ്പിന്റെ നീളം കൂട്ടണം. ഇത് ചെയ്യുമ്പോള്‍ മുന്‍ഭാഗത്ത് ഭാരം കൂടി പിന്‍ഭാഗം ഉയരും.ഇത് പരിഹരിഹരിക്കാന്‍ പിന്‍ഭാഗവും പൊളിച്ച് പണിയണം.
നിലവില്‍ പെരുമ്പളം പാണാവള്ളി ഫെറിയില്‍ സര്‍വ്വീസ് നടത്തുന്നത് കിന്‍കോയില്‍ നിന്നും മാസവാടകക്ക് എടുത്ത ജങ്കാറാണ്. ഇതിന് മാസം 9800 രൂപ പെരുമ്പളം ഗ്രാമ പഞ്ചായത്ത് വാടകയിനത്തില്‍ നല്‍കി വരുകയാണ്. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് പഞ്ചായത്ത് ഇത് നല്‍കി വരുന്നത്. കിന്‍കോ തന്നെ നിര്‍മിച്ച് പഞ്ചായത്തിന് നല്‍കിയ ജങ്കാര്‍ ഓടിക്കാന്‍ സാധിക്കാത്തതിനാല്‍ അന്നു മുതല്‍ കിന്‍കോയില്‍ വാടകയായി നല്‍കിയ സംഖ്യ തിരിച്ച് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."