അമേരിക്കയിലുണ്ടായ അഗ്‌നിബാധ; മൂന്നംഗ മലയാളി കുടുംബം അപകടത്തില്‍പ്പെട്ടതായി വിവരം
ചേര്‍ത്തല: അമേരിക്കയിലുണ്ടായ അഗ്‌നിബാധയില്‍ ചേര്‍ത്തല ഉഴുവ സ്വദേശികള്‍ ഉള്‍പ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
അമേരിക്കയിലെ ഫ്‌ലാറ്റിലുണ്ടായ അഗ്‌നിബാധയിലാണ് ചേര്‍ത്തല സ്വദേശികളായ മൂന്നംഗ മലയാളി കുടുംബം ഉള്‍പ്പെട്ടതായി വിവരം ലഭിച്ചത്. പട്ടണക്കാട് പുതിയകാവ് സ്‌കൂളിന് സമീപം ഗീതാജ്ഞലി വീട്ടില്‍ ദാമോദരന്‍ പിള്ളയുടെ മകന്‍ ഡോ.വിനോദ് ബി.ദാമോദരന്‍(44), ഭാര്യ ശ്രീജ(38), മകള്‍ ആര്‍ദ്ര(13) എന്നിവരാണ് അപകടത്തില്‍പ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചത്.
ഇവര്‍ താമസിച്ചിരുന്ന ന്യൂജേഴ്‌സി ഹില്‍സ് ബരോവ് അപാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ തിങ്കളാഴ്ച അഗ്‌നിബാധയുണ്ടായി ഇരുപതോളം പേര്‍ മരിച്ചിരുന്നു. മൂന്നു പേരുടേത് ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
അതേസമയം ദിവസവും നാട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്ന ഇവര്‍ തിങ്കള്‍ മുതല്‍ വിളിക്കാതിരിക്കുകയും അങ്ങോട്ട് വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും ആശങ്കയിലുമായി.
ന്യുജേഴ്‌സിയിലെ റട്ട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റാണ് ദാമോദരന്‍. ബന്ധുക്കള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടത് ഇവര്‍ തന്നെയാണെന്ന് സൂചന ലഭിച്ചത്.
തുടര്‍ന്ന് എംബസി, നോര്‍ക്ക, മലയാളി അസോസിയേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ഥിരീകരണത്തിന് ശ്രമിക്കുകയാണ് വീട്ടുകാര്‍. കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ നാട്ടില്‍ അവസാനമായി വന്നത്. നേരത്തെ മുംബൈയില്‍ ജോലി ചെയ്തിരുന്ന ഡോ.വിനോദ് എട്ടുവര്‍ഷത്തോളം മുമ്പാണ് കുടുംബസമേതം അമേരിക്കയിലേക്ക് പോയത്. ഭാര്യ: ശ്രീജ തിരുവല്ല കൊടിയാടി സ്വദേശിനിയാണ്. മകള്‍ ആര്‍ദ്ര എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."