ജില്ലയിലെ വിധിയെഴുത്തിലും ആവേശം80.55 ശതമാനം
പോളിങ്, പല ബൂത്തുകളിലും രാത്രി വരെ നീണ്ടനിര
സ്വന്തം ലേഖകന്‍
കോഴിക്കോട്: ജില്ലയിലെ വോട്ടര്‍മാര്‍ ആവേശത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തി. 80.55 ശതമാനം പേരാണ് ജില്ലയില്‍ വോട്ടവകാശം രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് പേരാമ്പ്ര മണ്ഡലത്തിലാണ്. 85.56 ശതമാനം പേരാണ് ഇവിടെ വോട്ട് ചെയ്തത്. ബേപ്പൂരിലാണ് ഏറ്റവും കുറവ് (75 ശതമാനം). ശക്തമായ മത്സരം നടന്ന കുറ്റ്യാടിയില്‍ 83.59 ശതമാനവും വടകരയില്‍ 81.21 ശതമാനവും പോളിങ് രേഖപ്പെടുത്തി.
ആദ്യമണിക്കൂറുകളില്‍ തുടങ്ങി വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെ നീളുന്ന തിരക്ക്, വെയിലിനെയും ചാറ്റല്‍ മഴയെയും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെയും വകവയ്ക്കാതെ പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ പ്രകടമായ നീണ്ടനിര, ജനവിധി സുരക്ഷിതമായി വിനിയോഗിക്കാനായി ജാഗ്രത പുലര്‍ത്തി പൊലിസും കേന്ദ്രസേനയുമെല്ലാം വോട്ടെടുപ്പ് ദിനത്തില്‍ ജില്ലയിലെ നേര്‍ക്കാഴ്ചകളായിരുന്നു. രാവിലെ പതിനൊന്നോടെ തന്നെ ജില്ലയിലെ പോളിങ് 30 ശതമാനം കടന്നിരുന്നു. ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ കനത്ത രേഖപ്പെടുത്തിയത് കനത്ത പോളിങ്ങാണ്. വൈകിട്ട് മൂന്നോടെ ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലങ്ങളിലെ 1903 ബൂത്തുകളിലായി 58.66 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ആറോടെ 73.39 ശതമാനമായി ജില്ലയിലെ പോളിങ് നില ഉയര്‍ന്നു. രാത്രി 8.45ന് തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട കണക്കുപ്രകാരം 80.55 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ് ജില്ലയിലെ പോളിങ്. അന്തിമ കണക്കു പുറത്തുവരുന്നതോടെ ഇതില്‍ മാറ്റമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
രാവിലെ ഏഴിന് തന്നെ തുടങ്ങിയ പോളിങ് വോട്ടര്‍മാരുടെ ബാഹുല്യവും നടപടിക്രമങ്ങളിലെ വേഗതക്കുറവും കാരണം പലയിടങ്ങളിലും രാത്രി വരെ നീണ്ടു. ഓപണ്‍ വോട്ടുകള്‍ ചെയ്യിച്ച് പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള വിവിധ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിബദ്ധതയും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമെല്ലാം വോട്ടെടുപ്പിനെ മന്ദഗതിയിലാക്കി. പൊതുവെ സമാധാനപരമായിരുന്നു ജില്ലയിലെ വോട്ടെടുപ്പ്. എന്നാല്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷമുണ്ടായി. വടകര കണ്ണൂക്കരയില്‍ ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് ലാത്തി വീശി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കാരശ്ശേരിയിലെ പാറത്തോട് ആരോഗ്യ ഉപകേന്ദ്രത്തിലെ 115-ാം നമ്പര്‍ ബൂത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനുള്ള ഇടതുമുന്നണിപ്രവര്ത്തകരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. കേന്ദ്രസേന ബൂത്തില്‍ നിലയുറപ്പിച്ചതോടെയാണ് രംഗം ശാന്തമായത്.
നാദാപുരം എടച്ചേരി കയ്യേരി യു.പി സ്കൂളിലെ ഒന്‍പതാം നമ്പര്‍ ബൂത്തിലേക്ക് ഓപണ്‍ വോട്ടിനായി വാഹനത്തില്‍ വോട്ടര്‍മാരെ എത്തിച്ച ഇടതുനടപടിയും വാക്കേറ്റത്തിനിടയാക്കി. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
പേരാമ്പ്ര നിയോജക ത്തിലെ സി.കെ.ജി മെമ്മോറിയില്‍ സ്കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചതാണ് ജില്ലയില്‍ വോട്ടെടുപ്പ് ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രധാന സംഭവം. തിരുവമ്പാടി മണ്ഡലത്തിലെ പന്നിക്കോട് എ.യു.പി സ്കൂളിലെ എട്ടാം ബൂത്തിലെ വോട്ടിങ് ഇഴഞ്ഞുനീങ്ങിയതോടെ രാവിലെയെത്തി വരിയില്‍ നിന്ന സ്ത്രീകളടക്കമുള്ള വോട്ടര്‍മാരില്‍ ഏറെ പേര് വോട്ട് ചെയ്യാതെ മടങ്ങി. ജില്ലയിലെ മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷക ശാലിനി പണ്ഡിറ്റ് ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."