ചാറ്റല്‍ മഴനനഞ്ഞ് വോട്ടര്‍മാര്‍
കോഴിക്കോട്: കഴിഞ്ഞ ഒന്നരമാസമായി കടുത്ത ചൂടായിരുന്നു ജില്ലയില്‍, ഒപ്പം തെരഞ്ഞെടുപ്പ് ചൂടും. കാത്തിരിപ്പുകള്‍ക്ക് ശേഷം ഇന്നലെ ജനം പോളിങ് ബൂത്തിലെത്തിയപ്പോള്‍ ജില്ലയിലെ മിക്കയിടങ്ങളിലും ചാറ്റല്‍ മഴ. നേരിയ തണുപ്പ്. ഗ്രാമങ്ങളില്‍ പതിവു പോലെ നീണ്ടനിരയില്‍ നില്ക്കുമ്പോള് വോട്ടര്‍മാര്‍ അടക്കം പറഞ്ഞു- 'ഓ... ആശ്വാസം. ആരുവന്നാലും പ്രശ്നമില്ല, ഒരു മഴ കണ്ടല്ലോ..! '
ജില്ലയില്‍ പലഭാഗങ്ങളിലും ഇന്നലെ മഴ നനഞ്ഞാണ് വോട്ടര്‍മാരെത്തിയത്. നഗരത്തില്‍ രാവിലെ മുതല്‍ ചെറിയ മഴയുണ്ടായിരുന്നെങ്കില്‍ ഗ്രാമങ്ങളില്‍ ഉച്ചയോടെ മിക്കയിടത്തും അത്യാവശ്യം മഴലഭിച്ചു. മിക്കവാറും പോളിങ് ബൂത്തുകളെല്ലാം സ്കൂളുകളില്‍ സജ്ജീകരിച്ചതിനാല് ആര്‍ക്കും കുടചൂടി ക്യൂവില്‍ നില്‍ക്കേണ്ടി വന്നില്ല. തെരഞ്ഞെടുപ്പ് ദിനത്തില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.
എന്നാല്‍ കനത്ത മഴയെന്നത് ജില്ലയില്‍ പലയിടത്തും ചാറ്റല്‍ മഴയായി മാറിയപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഏതു നിമിഷവും മഴ കനത്തു പെയ്യുമെന്ന പ്രതീതിയുണ്ടായതോടെ മിക്കവാറും ബൂത്തുകളില്‍ രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു. ആകാശം മേഘാവൃതമായതു കാരണം ചൂടിനും കുറവുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."