ലോക്കപ്പ് മര്‍ദനം: ആഭ്യന്തര സെക്രട്ടറി അന്വേഷിക്കണമെന്ന് സുധീരന്‍
കൊല്ലം: ദലിത് യുവാക്കളെ ലോക്കപ്പില്‍ മര്‍ദിച്ച സംഭവം ആഭ്യന്തര സെക്രട്ടറി അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
പൊലിസിലെ രണ്ടു എ.സി.പിമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡി.സി.സി സംഘടിപ്പിച്ച കമ്മിഷണര്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ഉദ്യോഗസ്ഥര്‍ ക്രൂരമായ പീഡനം നടന്നുവെന്ന് വ്യക്തമാക്കുമ്പോള്‍ രണ്ടാമന്‍ സംഭവം നടന്നിട്ടേയില്ലെന്ന് പറഞ്ഞ് പൊലിസിനെ വെള്ളപൂശുന്ന സമീപനമാണ് നടത്തിയിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കീഴില്‍ കൊടിയുടെ ബലത്തില്‍ ഒരു വിഭാഗം പൊലിസുകാര്‍ അഴിഞ്ഞാടുകയാണ്. കൊല്ലത്തിനു പുറമേ എറണാകുളത്തും, കുട്ടിമാക്കൂരും, വണ്ടൂരും പൊലിസ് ദലിതരെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പും, സാംസ്‌കരികവും കൈയ്യില്‍ വെച്ചിരിക്കുന്ന മന്ത്രി ആദിവാസികളെ അടച്ചാക്ഷേപിക്കുന്നു. തെറ്റ് പറ്റിയെന്ന് മനസ്സിലായിട്ടും കുറ്റസമ്മതം നടത്താന്‍ തയ്യാറാകാത്ത മന്ത്രി ബാലന്‍ സാംസ്‌ക്കാരിക വകുപ്പിന് അപമാനമാണ്. മോദി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കെതിരെ പടനയിക്കുമ്പോള്‍ സംസ്ഥാനത്ത്പിണറായി സര്‍ക്കാര്‍ അത് ഏറ്റെടുത്തിരിക്കയാണെന്നും സുധീരന്‍ ആരോപിച്ചു.
ഡി. സി. സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷനായി. ഡോ. ശൂരനാട് രാജശേഖരന്‍, കെ.സി രാജന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, എ ഷാനവാസ്ഖാന്‍, കെ സുരേഷ് ബാബു, ബിന്ദുകൃഷ്ണ, എന്‍ അഴകേശന്‍, ഡോ. പ്രതാപവര്‍മ്മ തമ്പാന്‍, ജി രതികുമാര്‍, എം.എം നസീര്‍, സൂരജ് രവി, പി ജര്‍മ്മിയാസ്, പി രാമഭദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."