മാലപ്പാട്ടോര്‍മയില്‍ ഖാസി മുഹമ്മദ്
കണ്ടുകിട്ടിയ മാപ്പിളപ്പാട്ടു കൃതികളില്‍ ഏറ്റവും പഴക്കമുള്ള മുഹ്്‌യുദ്ദീന്‍ മാല (1607) യുടെ കര്‍ത്താവ് ഖാസി മുഹമ്മദ് നിര്യാതനായിട്ടു 400 വര്‍ഷം കഴിഞ്ഞു. സാമൂതിരിയുടെ ഭരണകേന്ദ്രമായ കോഴിക്കോട്ട് മുസ്‌ലിംകളുടെ ഖാസി (ന്യായാധിപന്‍) ആയിരുന്ന ഈ എഴുത്തുകാരന്റെ ജന്മവര്‍ഷം വ്യക്തമല്ല. ചരമദിനം ഹിജ്‌റ 1025 റബീഉല്‍ അവ്വല്‍ 15. ആ കണക്കില്‍ ചരമം വരുന്നത് 1616 ഏപ്രില്‍ ഒന്നാം തിയ്യതിയാണ്.
തുഞ്ചത്ത് എഴുത്തച്ഛന്‍, പൂന്താനം നമ്പൂതിരി, കോഴിക്കോട്ടെ നാരായണ ഭട്ടതിരി, ശൈഖ് സൈനുദ്ദീന്‍ എന്നിവരുടെ സമകാലികനായ ഈ പണ്ഡിതന്‍ കോഴിക്കോട്ടെ പ്രശസ്തമായ ഖാസി കുടുംബത്തിലാണു ജനിച്ചത്. പിതാവ് അബ്ദുല്‍ അസീസും പുത്രന്‍ മുഹ്്‌യുദ്ദീനും ഖാസിമാരായിരുന്നു. കേരളത്തില്‍ ഇസ്‌ലാംമത പ്രബോധനത്തിന് അറേബ്യയില്‍നിന്നു വന്നെത്തിയവരും മദീനയിലെ അന്‍സാരി വിഭാഗത്തില്‍പ്പെടുന്നവരുമായ ചെറുസംഘത്തിലെ മാലിക് ബിന്‍ ഹബീബ്, ഹബീബ് ബിന്‍ മാലിക് എന്നിവരുടെ പിന്മുറക്കാരാണ് ചാലിയം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഖാസിമാര്‍. അവര്‍ പിന്നീട് കോഴിക്കോട്ടേക്കു മാറുകയായിരുന്നു.
നമ്മുടെ സാംസ്‌കാരികചരിത്രത്തില്‍ ഖാസി മുഹമ്മദിനുള്ള സ്ഥാനം മാപ്പിളപ്പാട്ടിന്റെ വരമൊഴി ചരിത്രം അദ്ദേഹത്തില്‍നിന്ന് ആരംഭിക്കുന്നുവെന്നതാണ്. ബാഗ്ദാദിലെ പ്രശസ്തപണ്ഡിതന്‍ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനിയുടെ ജീവചരിത്രവസ്തുതകളും അത്ഭുതകഥകളും കൂട്ടിച്ചേര്‍ത്തു ലളിതമലയാളത്തില്‍ രചിച്ച ഭക്തികാവ്യമാണു മുഹ്‌യുദ്ദീന്‍ മാല. രണ്ടുവരിയില്‍ ലളിതമായി കാര്യംപറഞ്ഞുതീര്‍ക്കുന്ന നാടന്‍പാട്ടിന്റെ സമ്പ്രദായമാണു മുഹ്‌യുദ്ദീന്‍ മാലയില്‍ കാണുക. അത്യാവശ്യമുള്ളേടത്ത് അറബിപദങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മാലയിലെ ഭാഷ ലളിതമലയാളമാണ്.
ഒരുദാഹരണം:
''കശമേറും രാവില്‍ നടന്നങ്ങു പോകുമ്പോള്‍; കൈവിരല്‍ ചൂട്ടാക്കി കാട്ടി നടന്നോവര്‍''
പഴയമലയാളത്തില്‍ 'കശം' കൂരിരുട്ടാണ്. മുറ്റിക്കറുത്ത രാവില്‍ പോകുമ്പോള്‍ ശൈഖ് കൈവിരല്‍ കത്തിച്ചു ചൂട്ടാക്കിപ്പിടിച്ചുവെന്നു സാരം. സൂചന അദ്ദേഹം ഘനാന്ധകാരത്തിലെ വഴിവിളക്കാണ് എന്നാവാം. അവനവന്റെ ജീവിതം കത്തിച്ചുപിടിക്കാത്തവനു വെളിച്ചമുണ്ടാവില്ലെന്നുമാവാം.
ഖാസി മുഹമ്മദ് വ്യാകരണം, ഗണിതശാസ്ത്രം, ജ്യോതിഷം, കര്‍മശാസ്ത്രം, ചരിത്രം മുതലായ മേഖലകളില്‍ ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടെന്നാണു കേള്‍വി. പത്തിലധികം കൃതികള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ അറബിയിലെഴുതിയ ഫത്ഹുല്‍മുബീന്‍ (പ്രത്യക്ഷ വിജയം) പ്രധാനമാണ്. സാമൂതിരിപ്പാടിനു സമര്‍പിച്ചിരിക്കുന്ന ഈ കേരളചരിത്രകാവ്യം അദ്ദേഹത്തിന്റെ രാജ്യത്തെ പ്രജകളായ ഹിന്ദുക്കളും മുസ്്്‌ലിംകളും എത്ര മൈത്രിയിലാണു ജീവിക്കുന്നതെന്ന് അന്യരാജ്യക്കാര്‍ക്ക് പരിചയപ്പെടുത്തുവാന്‍ വേണ്ടിയാണു രചിച്ചത്.
കുറച്ചുകാലം തങ്ങള്‍ക്കനുകൂലമായിനിന്ന വെട്ടത്തു രാജാവിന്റെ സഹായത്തോടെ ബേപ്പൂര്‍ അഴിമുഖത്തുള്ള ചാലിയത്തു പോര്‍ച്ചുഗീസുകാര്‍ കെട്ടിയ കോട്ട സാമൂതിരിപ്പാടിന്റെ നായര്‍ പടയാളികളും മുസ്്‌ലിംപടയാളികളും ഒന്നിച്ചുനിന്നു പോരാടി 1571 ല്‍ തകര്‍ത്ത സംഭവമാണ് ഫത്ഹുല്‍മുബീനിലെ ഇതിവൃത്തം. 40 കൊല്ലം നീണ്ടുനിന്ന ചെറുത്തുനില്‍പ്പിന്റെ പരിസമാപ്തിയായിരുന്നു ആ വിജയം.
കച്ചവടത്തെസംബന്ധിച്ചും അധികാരത്തെസംബന്ധിച്ചും തന്ത്രപ്രധാനമായ സ്ഥാനത്തു കെട്ടിപ്പൊക്കിയ ആ കോട്ട അന്നു തകര്‍ക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ ചരിത്രം മറ്റൊന്നായിപ്പോകുമായിരുന്നുവെന്നു കരുതുന്ന ഗവേഷകന്മാരുമുണ്ട്.
മാതൃഭൂമിക്കുവേണ്ടി ഭിന്നസമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നതിന്റെയും ആ ഐക്യം വിജയിക്കുന്നതിന്റെയും ചരിത്രപാഠങ്ങള്‍ രേഖപ്പെടുത്തുന്നതുകൊണ്ട് ഈ കൃതി ഇന്നും പ്രസക്തമാണ്. ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ ഫത്ഹുല്‍മുബീന്റെ കൈയെഴുത്തു പ്രതി സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷകന്‍ ഡോ. എം.എ മുഈദ് ഖാന്‍ ക്രി. 1578-79 ആവും രചനാകാലം എന്നു ഊഹിക്കുന്നു. കെ.കെ മുഹമ്മദ് അബ്ദുല്‍കരീം, പ്രൊഫ മങ്കട അബ്ദുല്‍ അസീസ് എന്നിവരുടെ മലയാള പരിഭാഷകള്‍ പുസ്തകങ്ങളായി വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."