ശമ്പളം നിഷേധിച്ചു; അധ്യാപകര്‍ തൊടുപുഴ എ.ഇ.ഒ ഓഫിസ് ഉപരോധിച്ചു
തൊടുപുഴ: മൂന്നു എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മൂന്നു മാസമായി ശമ്പളം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊടുപുഴ എ.ഇ.ഒ ഓഫിസ് ഉപരോധിച്ചു.
വാഴക്കാല ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂള്‍ അധ്യാപകരായ ആഴ്‌സി ജോണ്‍, രമ്യ ജോര്‍ജ്, സാജു ജോര്‍ജ് എന്നിവര്‍ക്കാണ് ജൂലൈ മുതല്‍ ശമ്പളം ലഭിക്കാത്തത്്. എ.ഇ.ഒയുടെ നിഷേധാത്മക നിലപാട് മൂലമാണ് ശമ്പളനിഷേധമെന്നു സംഘടന ആരോപിക്കുന്നു.
2011 ല്‍ സര്‍വീസില്‍ പ്രവേശിച്ച ഇവര്‍ക്ക് ശമ്പളം ലഭിച്ചുകൊണ്ടിരുന്നതാണ്. ഈ വര്‍ഷമാദ്യം ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇവരടക്കം 14 അധ്യാപകരുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും ആയതിനാല്‍ ശമ്പളം നല്‍കരുതെന്നും നിര്‍ദേശിച്ചു. ഇതിനെതിരെ ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍മാര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.
ശമ്പളം തടയാനുളള അധികാരം ഡി.പി.ഐക്ക് മാത്രമേയുളളൂവെന്നു ചൂണ്ടിക്കാണിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ എ.ഇ.ഒയോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് 11 അധ്യാപകര്‍ക്ക് ശമ്പളം ലഭിച്ചെങ്കിലും വാഴക്കാല സ്‌കൂളിലെ ഹെഡ്മാസ്്റ്ററുടെ നിയമനത്തിന് അംഗീകാരമില്ലെന്ന ചൂണ്ടിക്കാട്ടി ഇവിടത്തെ മൂന്ന് അധ്യാപകരുടെ ശമ്പളം തടഞ്ഞുവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ ഒമ്പതിന് അധ്യാപക സംഘടന നടത്തിയ സമരത്തെ തുടര്‍ന്ന് മൂന്നു ദിവസത്തിനകം ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഇത് പാലിക്കാതെ എ.ഇ.ഒയും സൂപ്രണ്ടും അവധിയില്‍ പോയതായി സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. ഇന്നലെ രാവിലെ കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് വി.എം ഫിലിപ്പച്ചന്‍ സമരം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. വിഷയം ഡി.പി.ഐക്ക് വിടാമെന്ന നിലപാടിലാണു ഡെപ്യൂട്ടി ഡയറക്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."