മീനച്ചിലാര്‍ തീരം കൈയേറ്റം നഗരസഭാ പരിധിയിലെ മുഴുവന്‍ പുറമ്പോക്ക്
ഭൂമിയും അളന്ന് തിട്ടപ്പെടുത്തണമെന്ന് ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരപ്രദേശത്തെകൈയേറ്റം അളന്നു തിട്ടപ്പെടുത്തുന്നത് പേരൂര്‍ പായിക്കാട് കടവ് വരെ നീട്ടണമെന്ന് ആവശ്യമുയര്‍ന്നു. ഇതിനിടെ നഗരസഭാ പരിധിക്കുള്ളില്‍ വരുന്ന ആറ്റു പുറമ്പോക്കു മുഴുവന്‍ അളന്നുതിട്ടപെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ നഗരസഭയും റവന്യൂ അധികൃതര്‍ക്കു കത്ത് നല്‍കി. ആറ്റ് പുറമ്പോക്ക് കൈയേറ്റത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതികളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പേരൂരില്‍ പുറമ്പോക്ക് നിര്‍ണ്ണയിക്കുന്നതിനുള്ള സര്‍വ്വേ ജോലികള്‍ ആരംഭിച്ചിരുന്നു.
ഏറ്റുമാനൂര്‍ നഗരസഭയുടെ പതിനെട്ടാം വാര്‍ഡില്‍ പൂവത്തുംമൂട് മുതല്‍ കിണറ്റിന്‍മൂട് വരെയുള്ള ഭാഗത്തെകൈയേറ്റത്തിനെതിരെയായിരുന്നു നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരവുമായി രംഗത്തെത്തിയത്. ഇതിനിടെ ഒരു രാഷ്ട്രീയപാര്‍ട്ടി ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയെങ്കിലും പിന്നീട് നിശബ്ദരായി. പായിക്കാട് ഭാഗത്തേക്കുള്ള ഭൂമി അളന്നാല്‍ ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ പലരും കൈയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടും എന്നതിനാലാണത്രേ ഇവര്‍ പിന്തിരിഞ്ഞത്. ഒപ്പം സ്ഥലത്തെ പല പ്രമുഖരും പെടുമെന്നതിനാല്‍ സര്‍വ്വേ ജോലികള്‍ നിര്‍ത്തിവയ്പ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ആക്ഷന്‍ കൗണ്‍സില്‍പ്രസിഡന്റ് മോന്‍സി പെരുമാലിലിന്റെ പരാതിയെ തുടര്‍ന്ന് റവന്യു മന്ത്രിയും കലക്ടറും ഇടപെട്ടതിനെ തുടര്‍ന്നാണ് രണ്ട് തവണ മാറ്റിവച്ച സര്‍വ്വേ ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചത്.
1.4 കിലോമീറ്റര്‍ ദൂരത്തില്‍ 35 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി ആറ്റുവഞ്ചിയും ഇല്ലിക്കാടുകളും മറ്റു വൃക്ഷങ്ങളും നശിപ്പിച്ച് സ്വകാര്യവ്യക്തികള്‍ കൈയടക്കിയതിനെതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവന്നത്. അനിയന്ത്രിതമായ മണല്‍വാരലിനെ തുടര്‍ന്ന് ആറ്റുതീരം അവിടവിടെ ഇടിഞ്ഞു പോയതും പുറമ്പോക്ക് ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് ഇട്ടിരുന്ന പഴയ സര്‍വ്വേ കല്ലുകള്‍ കാണാതെ പോയതും അളക്കലിനു ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങള്‍ കൊണ്ട് 350 മീറ്ററോളം സ്ഥലം അളന്നെങ്കിലും അതിര്‍ത്തി തിരിച്ച് കല്ലിടുവാനായിട്ടില്ല. സര്‍വ്വേ കല്ലുകളുടെ അഭാവമാണ് ഇതിനു കാരണമെന്നും എന്നിരുന്നാലും താത്ക്കാലിക സംവിധാനം ഒരുക്കി സര്‍വ്വേ ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നും അഡീഷണല്‍ തഹസില്‍ദാര്‍ അലക്‌സ്‌ജോസഫ് പറഞ്ഞു. ആറ്റുപുറമ്പോക്ക് മുഴുവന്‍ അളക്കണമെന്ന നഗരസഭയുടെ കത്ത് ബുധനാഴ്ചയാണ് കളക്ട്രേറ്റില്‍ നിന്നും തനിക്ക് ലഭിച്ചതെന്നും ഇതിനായി ഒരു സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."