സോഷ്യലിസ്റ്റ് പാര്‍ട്ടികളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
കേരളകോണ്‍ഗ്രസില്‍ ഇടയ്ക്കിടെയുണ്ടാകുന്ന പിളര്‍പ്പിനെ ആസ്പദിച്ച് കെ.എം മാണി നിര്‍മിച്ചെടുത്ത സിദ്ധാന്തമാണ് വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്നത്. ആ സിദ്ധാന്തം ഏറ്റവും കൂടുതല്‍ യോജിക്കുക സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാണ്.
ബീഹാറില്‍ വളരെ പ്രതീക്ഷയോടെയാണു ജെ.ഡി.യു നേതാവ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷമഹാസഖ്യം അധികാരത്തില്‍വന്നത്. കഴിഞ്ഞ പത്തുവര്‍ഷം ബീഹാറിനെ വികസനത്തിന്റെ പാതയില്‍ കൊണ്ടുവരാന്‍ നിതീഷ്‌കുമാറിനു കഴിഞ്ഞിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ നേട്ടംതന്നെയാണ്. അതുവരെയുണ്ടായിരുന്ന എല്ലാ എതിര്‍പ്പും മാറ്റിവച്ച് ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി നിതീഷ് കുമാറിനു സര്‍വപിന്തുണയും നല്‍കിയത് ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ധൂമകേതുവായി ഉദിച്ചുയര്‍ന്ന ബി.ജെ.പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ തുടച്ചുനീക്കാനായിരുന്നു. ബീഹാറില്‍ ഈ സഖ്യം വിജയംകാണുകയും നിതീഷ്‌കുമാറിനു ഭരണത്തുടര്‍ച്ച ലഭിക്കുകയും ചെയ്തു.
ജനതാദള്‍ ഛിന്നഭിന്നമായതുകൊണ്ടുമാത്രമാണ് 30ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. സോഷ്യലിസ്റ്റുകള്‍ ഈ യാഥാര്‍ഥ്യം മനസിലാക്കിയതുകൊണ്ടായിരുന്നു ലോകസഭാ തെരഞ്ഞടുപ്പു കഴിഞ്ഞ് യു.പിയിലും ബീഹാറിലും നടന്ന ഉപതെരഞ്ഞടുപ്പുകളില്‍ ജനതാപരിവാറിനു വിജയിക്കാനായത്. എന്നാല്‍, ഒരുവര്‍ഷം തികയുംമുമ്പേ ബീഹാറിലെ മതനിരപേക്ഷ മഹാ സഖ്യത്തില്‍ വിള്ളല്‍വീണിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ അനുഭവിച്ചുവരുന്ന ശാപമാണ ഈ അനൈക്യം.
ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധസഖ്യത്തിന്റെ സ്വയംപ്രഖ്യാപിതനേതാവാകാനുള്ള നിതീഷ്‌കുമാറിന്റെ നീക്കം സ്വാര്‍ഥതയാണെന്നാരോപിച്ച് ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രഘുവംശപ്രസാദാണ് അനൈക്യത്തിന്റെ കാഹളവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. നിതീഷ്‌കുമാര്‍ വിവിധസംസ്ഥാനങ്ങളില്‍ പര്യടനംനടത്തുന്നത് ആര്‍.ജെ.ഡിയോട് ആലോചിക്കാതെയാണെന്ന ബാലിശവാദമുയര്‍ത്തിയാണ് രഘുവംശപ്രസാദ് സഖ്യത്തില്‍ നഞ്ചുകലക്കുന്നത്.
ഇതൊരു സൂചനയാണ്. അധികാരമോഹത്തിന്റെ സൂചന. ലാലുപ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനുള്ള ലാലുപ്രസാദ് യാദവിന്റെ കുതന്ത്രത്തിന്റെ ഭാഗമാണിത്. വിശ്വസ്തനായ രഘുവംശപ്രസാദിനെ നിതീഷ്‌കുമാറിനെതിരേ രംഗത്തിറക്കിയത് ഇതിനുവേണ്ടിയാണ്. ബീഹാറിലെ ഭരണത്തുടര്‍ച്ചയോടെ നിതീഷ്‌കുമാറിനു ലഭിച്ചുവരുന്ന വ്യാപകമായ അംഗീകാരം കാലിത്തീറ്റ കുംഭകോണത്തെത്തുടര്‍ന്നു ദേശീയരാഷ്ട്രീയത്തില്‍ ഇമേജ് നഷ്ടമായ ലാലുപ്രസാദ് യാദവിനു ദഹിക്കുന്നുണ്ടാവില്ല.
ബി.ജെ.പിയെ അകറ്റുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടു രൂപംകൊണ്ട മതനിരപേക്ഷ മഹാസഖ്യത്തെ അധികാരത്തിനായി തകര്‍ക്കാന്‍ ലാലുപ്രസാദ് യാദവ് മടിക്കില്ല. ജനതാപരിവാറെന്ന മഹാസഖ്യത്തെ വളരെ പ്രതീക്ഷയോടെയാണു മതേതരജനാധിപത്യസമൂഹം കണ്ടത്. 2015 ലാണ് മുലായംസിങ് യാദവിനെ പ്രസിഡന്റാക്കി ആറു സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നു ജനതാപരിവാര്‍ രൂപീകരിച്ചത്. ബീഹാറില്‍ ബി.ജെ.പിയെ തറപറ്റിക്കാനും നിതീഷ്‌കുമാറിനെ അധികാരത്തിലെത്തിക്കാനും ഈ മഹാസഖ്യംകൊണ്ടു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു തെരഞ്ഞെടുപ്പിനു നേതൃത്വംനല്‍കിയെന്നതായിരുന്നു ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷത. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും നേര്‍ക്കുനേര്‍ നടത്തുന്ന പോരാട്ടമെന്ന നിലയ്ക്കു ബീഹാര്‍ തെരെഞ്ഞടുപ്പ് ദേശീയശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.
നിതീഷ്‌കുമാറിനെ പരാജയപ്പെടുത്തുകയെന്നതു നരേന്ദ്രമോദി ജീവന്മരണപ്പോരാട്ടമായാണ് കണ്ടത്. പക്ഷേ, മതനിരപേക്ഷ മഹാസഖ്യത്തിനുമുമ്പില്‍ ബി.ജെ.പിക്ക് അടിയറവുപറയേണ്ടിവന്നു. ഇത്തരമൊരു മഹാസഖ്യത്തിനു നാന്ദിയായത് 2014 ഡിസംബര്‍ 22ന് ന്യൂഡല്‍ഹിയില്‍ സോഷ്യലിസ്റ്റ് ജനതാപരിവാര്‍ എന്നപേരില്‍ നടത്തിയ ധര്‍ണയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സാമുദായികധ്രുവീകരണത്തിനു നേതൃത്വംനല്‍കുന്നുവെന്നാരോപിച്ചായിരുന്നു ധര്‍ണ.
സോഷ്യലിസ്റ്റ് കുടുംബത്തില്‍നിന്നു പിരിഞ്ഞുപോയവര്‍ ഒന്നിച്ചിരിക്കാന്‍ സന്മനസുകാണിച്ച ആ ധര്‍ണ ദേശീയരാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നു മതേതരജനാധിപത്യസമൂഹം വിശ്വസിച്ചു. ബീഹാറിലെ നിതീഷ്‌കുമാറിന്റെ ഭരണത്തുടര്‍ച്ച അതിനു നാന്ദിയാവുകയും ചെയ്തു. നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പ് ബീഹാറിലും യുപിയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ജനതാപരിവാര്‍ സഖ്യമാണു ഭൂരിപക്ഷം സീറ്റും കരസ്ഥമാക്കി ബിജെപിയെ തറപറ്റിച്ചത്. ഈ വിജയമാണ് ബീഹാറില്‍ ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ഒന്നിപ്പിച്ചതും.
അതുപക്ഷേ, ആന്തരികമായിരുന്നില്ലെന്നും അധികാരത്തോടുള്ള മോഹംകൊണ്ടായിരുന്നുവെന്നും രഘുവംശപ്രസാദിന്റെ കുത്തുവാക്കുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെത്തുടര്‍ന്നാണ് അതുവരെ മൃതപ്രായരായിക്കഴിഞ്ഞിരുന്ന സോഷ്യലിസ്റ്റുകള്‍ക്കു ജീവന്‍വച്ചത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായ സോഷ്യലിസ്റ്റ് പുനരേകീകരണത്തില്‍ ജനസംഘവും നുഴഞ്ഞുകയറിയെന്നതായിരുന്നു ആ മഹാസഖ്യത്തിനുണ്ടായ അപചയം.
അതുവരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായിരുന്ന ജനസംഘം ഭാരതീയ ജനതാപാര്‍ട്ടിയായി രൂപാന്തരപ്പെടാന്‍ കാരണമായതു ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് കക്ഷികളാണ്. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയേയും വിഴുങ്ങാനായി വാപിളര്‍ന്നടുക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരേ സുശക്തമായ ബദലായി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷയുയയര്‍ത്തിയ ബീഹാറിലെ മതനിരപേക്ഷ മഹാസഖ്യത്തിന്റെ മരണമണിയാണോ രഘുവംശപ്രസാദ് മുഴക്കാന്‍ തുടങ്ങിയിരിക്കുന്നതെന്നുതോന്നിപ്പോവുന്നു.
അധികാരത്തിനുവേണ്ടി എന്തു നെറികേടും ചെയ്യുമെന്നതിന്റെ ഉദാഹരണമാവുകയാണോ ലാലുപ്രസാദ് യാദവ്. എങ്കില്‍, ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ ഈ മാറ്റം. സംഘപരിവാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തേയും തകര്‍ക്കുംമുമ്പ് അതില്‍നിന്ന് ഇന്ത്യന്‍ജനതയെ രക്ഷിക്കാന്‍ ജന്മമെടുത്ത ജനതാപരിവാര്‍ മഹാസഖ്യത്തിലുണ്ടാകുന്ന പിളര്‍പ്പ് ബി.ജെ.പിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുമെന്നതില്‍ സംശയമില്ല. ഗര്‍ഭത്തില്‍ത്തന്നെ അലസിപ്പോയ നിര്‍ഭാഗ്യത്തിന് ഇരയാവുകയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനതാപരിവാര്‍ മഹാസഖ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."