അനധികൃത സമ്പാദ്യം: മുന്‍ മന്ത്രി കെ.സി ജോസഫിനെതിരേ അന്വേഷണത്തിന് ഉത്തരവ്
തലശ്ശേരി: അഞ്ചു വര്‍ഷത്തിനുള്ളില്‍ 18 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടാക്കിയെന്ന പരാതിയില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.സി ജോസഫിനെതിരേ കേസ് എടുത്ത് അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കെ.സി ജോസഫ്, ഭാര്യ സാറ ജോസഫ്, മകന്‍ അശോക് ജോസഫ് എന്നിവരുടെ അഞ്ചു വര്‍ഷത്തെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് വിജിലന്‍സ് എസ്.പിക്കാണ് ജഡ്ജി വി.ജയറാം ഉത്തരവ് നല്‍കിയത്.
പൊതുപ്രവര്‍ത്തകനായ ഇരിട്ടി പെരിക്കുറിയിലെ ആറാക്കല്‍ വീട്ടില്‍ എ.കെ ഷാജിയായിരുന്നു പരാതിക്കാരന്‍. പരാതിയില്‍ നേരത്തെ കോടതി നിര്‍ദേശ പ്രകാരം കെ.സി ജോസഫിനെതിരെ ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതു തള്ളമെന്ന് പരാതിക്കാരന്‍ കോടതി മുമ്പാകെ ആവശ്യം ഉന്നയിച്ചിരുന്നു.
കെ.സി ജോസഫിന് മന്ത്രിയെന്ന നിലയില്‍ ലഭിച്ച ശമ്പളവും അലവന്‍സുകളുടെയും പൂര്‍ണ വിവരം, ബാങ്കില്‍ ജോലി ചെയ്യുന്ന ഭാര്യ സാറാ ജോസഫിന് ലഭിക്കാവുന്ന വരുമാനം, സാറാ ജോസഫിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടിലെത്തിയ തുക, മകന്‍ അശോക് ജോസഫിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് കോട്ടയം ശാഖയിലെ അക്കൗണ്ടില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്ന ഇടപാടുകള്‍- ഇതില്‍ വര്‍ഷത്തില്‍ കോടിയിലേറെ രൂപ വന്നതായി പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു.
സൗദി അറേബ്യയിലെ ദഹറാന്‍ നാസര്‍ അല്‍ ഹാജി ഗ്രൂപ്പിന്റെ കീഴിലെ എയര്‍പോര്‍ട്ടില്‍ ജോലി നോക്കുന്ന അശോക് ജോസഫ് കോടികളുടെ ഇടാപടുകള്‍ വിവിധ ബാങ്കുകളിലൂടെ നടത്തിയതായി പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കോടതിയും ശരിവച്ചാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."