എയര്‍സെല്‍- മാക്‌സിസ് ഇടപാട് ദുരൂഹ നിക്ഷേപങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും
ന്യൂഡല്‍ഹി: വിവാദമായ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ ഒരു കമ്പനി നടത്തിയ ദുരൂഹമായ രണ്ടു നിക്ഷേപങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. യൂനിസണ്‍ ഗ്ലോബന്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന കമ്പനി 2013- 14 കാലത്ത് നടത്തിയ നിക്ഷേപങ്ങളാണ് എയര്‍സെല്‍ മാക്‌സിസ് ഇടപാട് സംബന്ധിച്ച് അന്വേഷിക്കുന്ന ഇ.ഡി ഡയറക്ടറേറ്റും പാനാമ പേപ്പേഴ്‌സ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന സംയുക്ത സംഘവും (എസ്.ഐ.ടി) അന്വേഷിക്കുന്നത്. ഇന്ത്യക്കാരനായ സമീര്‍ ഗെഹ്‌ലോട്ട് പ്രമോട്ടറായുള്ള രണ്ടു ന്യൂ ജേഴ്‌സ് കമ്പനികളില്‍ 1.08 ദശലക്ഷം പൗണ്ടിന്റെ നിക്ഷേപമാണ് നടത്തിയത്. ഇതേകാലത്ത് സിംഗപ്പൂരിലെ ഒരു കമ്പനിയില്‍ 2.4 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും നടത്തി.
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രധാന പോഷക കമ്പനിയാണിത്. 2012 ഡിസംബര്‍ സ്ഥാപിച്ച യൂനിസണ്‍ നേരത്തെ തന്നെ ഇ.ഡിയുടെ സംശയകരമായ കമ്പനികളുടെ പട്ടികയിലുണ്ട്. നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദീകരണം തേടി ഇ.ഡി സിംഗപ്പൂര്‍ അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇതോടൊപ്പം എസ്.ഐ.ടിയും ഈ നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിശദീകരണം തേടി. ആദായ നികുതി വകുപ്പ്, ഇ.ഡി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഫിനാന്‍സ് ഇന്റലിജന്‍സ് യൂനിറ്റ് തുടങ്ങിയവയാണ് സംയുക്ത സംഘത്തിലുള്ളത്. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം വഴി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് പ്രധാനമായും എസ്.ഐ.ടി തേടുന്നത്. സിംഗപ്പൂരിലെ രേഖകള്‍ പ്രകാരം 2014 ഡിസംബര്‍ 15ന് യൂനിസണ്‍ തങ്ങളുടെ 49,00.000 പ്രിഫറന്‍സ് ഓഹരികള്‍ 2.4 ദശലക്ഷം പൗണ്ടിന് അഡ്വാന്റേജിന് നല്‍കി.
യൂനിസണിന്റെ പെനിന്‍സുല പ്ലാസയിലെ വിലാസത്തിലാണ് ഈ ഇടപാട് രേഖപ്പെടുത്തിയത്. എന്നാലിത് സിംഗപ്പൂരിന്റെ അക്കൗണ്ടിങ് ആന്‍ഡ് കോര്‍പറേറ്റ് റഗുലേറ്ററി അതോറിറ്റി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ല. ന്യൂ ജേഴ്‌സി കമ്പനികളായ ക്ലിവിഡല്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, ഫോര്‍ ലീഫ് ലിമിറ്റഡ് എന്നിവയിലാണ് യൂനിസണ്‍ നിക്ഷേപം നടത്തിയത്. 3,30,000, 7,50,000 എന്നിങ്ങനെ ഓഹരികളാണ് രണ്ടു കമ്പനികളിലായി വാങ്ങിയിരിക്കുന്നത്. ഈ രണ്ടു കമ്പനികളും ഇന്ത്യാ ബള്‍സ് ഗ്രൂപ്പ് ഉടമ സമീര്‍ ഗെഹ്‌ലോട്ടിന്റേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."