ചെന്നിത്തലക്കും കുടുംബത്തിനും വധഭീഷണി: കേസെടുത്തു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും കുടുംബത്തിനും ഫോണിലൂടെ വധഭീഷണി മുഴക്കിയ രവി പൂജാരിക്കെതിരേ കേസെടുത്തു. ചെന്നിത്തലയുടെ പരാതിയില്‍ ഐ.പി.സി 506, കേരള പൊലിസ് ആക്ട് 120 വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലിസാണ് കേസെടുത്തത്.
കഴിഞ്ഞ 23ന് വിദേശത്തുനിന്നും നെറ്റ്‌കോള്‍ വഴി ഡോണ്‍രവി പൂജാരി എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയതെന്ന് പരാതിയില്‍ പറയുന്നു. ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന വിവാദ വ്യവസായി നിസാമിനെതിരേ നിയമസഭയില്‍ സംസാരിച്ചതിന്റെ പേരില്‍ രമേശിനെയോ കുടുംബാംഗങ്ങളില്‍ ഒരാളെയോ വധിക്കുമെന്നായിരുന്നു സന്ദേശം. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ മ്യൂസിയം പൊലിസ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിസാം ജയിലില്‍ കഴിയവേ സ്വന്തം സഹോദരങ്ങള്‍ക്കെതിരേ വധഭീഷണി മുഴക്കിയതും സ്വതന്ത്രമായി ഫോണ്‍ ഉപയോഗിച്ചതും വിവാദമായിരുന്നു. വിഷയം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോണില്‍ വധഭീഷണി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."