എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
എം.ജിയ്ക്ക് 20
കോടിയുടെ കേന്ദ്ര
സഹായം
മഹാത്മാ ഗാന്ധി സര്‍വകലാശലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ റൂസ (രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍) പദ്ധതിയില്‍ 20 കോടി രൂപ ലഭിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ചെയര്‍മാനായുള്ള സര്‍വകലാശാല റൂസ കമ്മിറ്റി സമര്‍പ്പിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈ ധനസഹായം അനുവദിച്ചിരിക്കുന്നത്. സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് വലിയ ഉത്തേജനമാണ് ഈ ധനസഹായത്തിലൂടെ ലഭിക്കുന്നത്. 3.5 കോടിയുടെ സോളാര്‍ പവര്‍ പ്ലാന്റ്, 2.5 കോടിയുടെ വൈ-ഫൈ കാമ്പസ്, 3.5 കോടിയുടെ സ്റ്റുഡന്റ്‌സ് അമിനിറ്റിഇന്‍കുബേഷന്‍ സെന്റര്‍, 1.25 കോടിയുടെ ഇ-ഗവേണന്‍സ് പരീക്ഷാ കംപ്യൂട്ടര്‍ വല്‍ക്കരണം, 1.15 കോടിയുടെ സംഗീത ശാസ്ത്രഗവേഷണ കേന്ദ്രം, 2.6 കോടിയുടെ ലബോറട്ടറി ഉപകരണങ്ങള്‍, 1.5 കോടിയുടെ ലൈബ്രറി ഡിജിറ്റലൈസേഷന്‍ സൗകര്യം, 0.8 കോടിയുടെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ ലാബ്, 0.5 കോടിയുടെ കാമ്പസ് നവീകരണം എന്നീ പദ്ധതികള്‍ക്കാണ് സര്‍വകലാശാല പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിദ്യാര്‍ഥികളില്‍ സംരംഭകത്വ ശേഷി വളര്‍ത്തി തൊഴിലന്വേഷകന്‍ എന്നതിലുപരി തൊഴില്‍ ദാതാവാക്കി മാറ്റാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വകലാശാല ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. സര്‍വകലാശാലയുടെ പഠനവകുപ്പുകള്‍ അന്തര്‍സര്‍വകലാശാല കേന്ദ്രങ്ങള്‍, അഫിലിയറ്റഡ് കോളജുകള്‍ മുതലായ സ്ഥാപനങ്ങള്‍ തമ്മില്‍ ഓണ്‍ലൈന്‍ ബന്ധത്തിലൂടെ അക്കാദമിക വിനിമയം വൈ-ഫൈ കാമ്പസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 235 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് സര്‍വകലാശാല കാമ്പസിലുള്ള ഊര്‍ജ്ജ ആവശ്യങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകും.
ആദ്യഗഡുവായി ലഭിച്ച 2.5 കോടിയുടെ പ്രവര്‍ത്തികള്‍ സര്‍വകലാശാലയില്‍ പൂര്‍ത്തിയായി വരുന്നു. രണ്ടാം ഗഡുവായി 13.5 കോടി രൂപ കൂടി ലഭ്യമായിട്ടുണ്ട്.
അപേക്ഷാ തീയതി
സര്‍വകലാശാല ഓഫ് കാമ്പസ് ബി.എല്‍.ഐ.എസ്.സി (പഴയ സ്‌കീം - 2002-2004 അഡ്മിഷന്‍) ഡിഗ്രി മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 18 വരെയും അപേക്ഷിക്കാം. അപേക്ഷകര്‍ നിശ്ചിത പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ 10,000 രൂപ സ്‌പെഷ്യല്‍ ഫീസായി അടയ്ക്കണം. പരീക്ഷാ തീയതി പിന്നീട്.
പരീക്ഷാ തീയതി
എം.എസ്.സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് കോഴ്‌സിന്റെ മൂന്നാം സെമസ്റ്റര്‍ (പുതിയ സ്‌കീം -2014 അഡ്മിഷന്‍ റഗുലര്‍), ഒന്നാം സെമസ്റ്റര്‍ (പുതിയ സ്‌കീം - 2015 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകള്‍ യഥാക്രമം നവംബര്‍ 4, 15 തീയതികളില്‍ ആരംഭിക്കും.
പഞ്ചവല്‍സര എം.എസ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സില്‍ (ഐ.ഐ.ആര്‍.ബി.എസ്) ഫെലോഷിപ്പോടുകൂടി പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്ലസ്ടുവിന് (സയന്‍സ്) 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചിട്ടുള്ള സയന്‍സിലും തുടര്‍ന്ന് ഗവേഷണത്തിലും പ്രത്യേക താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകള്‍ നവംബര്‍ 11 വരെ സ്വീകരിക്കും. വെബ് സൈറ്റ്: ംംം.ശശൃയാെഴൗ.രീാ
പ്രോജക്ട് ഫെലോ ഒഴിവ്
ഇന്റര്‍ നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിയില്‍ കെ.എസ്.സി.എസ്.ടി.ഇയുടെ സഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് ഫെലോയുടെ ഒഴിവുണ്ട്. എം.എസ്.സി ബയോകെമിസ്ട്രി- ബയോടെക്‌നോളജിയാണ് യോഗ്യത. മോളിക്യുലാര്‍ ബയോളിയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.
കാലാവധി 2 വര്‍ഷം. വേതനം 14000 രൂപയും 10 ശതമാനം എച്ച്.ആര്‍.എയും. അപേക്ഷയും വിശദമായ ബയോഡാറ്റയും ദ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, കെ.എസ്.സി.എസ്.ടി.ഇ എസ്.ആര്‍.എസ് പ്രോജക്ട്, ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോ ടെക്‌നോളജി, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം - 686560 എന്ന വിലാസത്തില്‍ നവംബര്‍ 4ന് മുന്‍പ് ലഭിക്കണം.
പ്രഭാഷണം നടത്തി
അന്തര്‍സര്‍വകലാശാല സംഗീത ശാസ്ത്ര പഠനകേന്ദ്രം, സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്റ് കള്‍ച്ചര്‍ എമംങ് യൂത്തിന്റെ കോട്ടയം ചാപ്റ്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് പത്മശ്രീ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട്, അഞ്ച് തന്ത്രിവാദ്യോപകരണങ്ങളുടെയും പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഇരുപത് തന്ത്രികളിലുള്ള മോഹനവീണയുടെ അവതരണവും ഇതിന്റെ ശാസ്ത്രീയതയെക്കുറിച്ചുള്ള പ്രഭാഷണവും നടത്തി. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ. ജയചന്ദ്രന്‍ (ഡയറക്ടര്‍, ഐ.യു.സി.എസ്.എസ്.എം), കെ. ഷറഫുദ്ദീന്‍, വേലായുധക്കുറുപ്പ്, ഡോ. പി.ആര്‍ ബിജു എന്നിവര്‍ സംസാരിച്ചു.
ഗോത്ര-താള നിറക്കൂട്ടുമായി നാട്ടുതുടിപ്പ് പൈതൃകോത്സവം തുടങ്ങി
ലൈഫ് ലോങ് ലേണിംഗ് വകുപ്പിന്റെ സഹകരണത്തോടെ ഭാരതീയ വിദ്യാഭവന്‍ കേന്ദ്രവും, ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന പൈതൃകോത്സവം 'നാട്ടുതുടിപ്പ് 2016'ന് സുവര്‍ണ ഓഡിറ്റോറിയത്തില്‍ നിറച്ചാര്‍ത്താര്‍ന്ന തുടക്കം. ഇടുക്കി ജില്ലയിലെ മുതുവാന്‍ സമുദായത്തില്‍പ്പെട്ട 15 കലാകാരന്മാരാണ് തങ്ങളുടെ നൈഷ്ഠികാചാരങ്ങളും സാംസ്‌കാരിക തനിമയും ഇതാദ്യമായി കോട്ടയത്ത് അവതരിപ്പിച്ചത്.
കൊട്ട്, കുഴല്‍, കൊട്ടി ഉറുമീസ് തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച കലാപരിപാടികള്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. രമേശ് (ഇടമലക്കുടി ആദിവാസി സംരക്ഷണ സമിതി), രാജന്‍ (മീന്‍കുത്തി ആദിവാസി സംരക്ഷണ സമിതി), ഹരികൃഷ്ണന്‍ (വന സംരക്ഷണ സമിതി പ്രസിഡന്റ്), തങ്കസ്വാമി (തലൈവര്‍, ആണ്‍വന്‍ കുടി), ബാബു (പട്ടിക വര്‍ഗ പ്രമോട്ടര്‍), ദേവേന്ദ്രന്‍ കാണി (പരപ്പയാര്‍ കുടി), അര്‍ജുനന്‍ കാണി (അമ്പലപ്പാറ കുടി), ഈശ്വരന്‍ കാണി (ആണ്‍വന്‍ കുടി), ബാബു (ആദിവാസി കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഗോത്രവര്‍ഗ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈക്കം ശശിധര ശര്‍മ്മ കളമെഴുത്തിനെക്കിറിച്ച് പ്രഭാഷണം നടത്തി. എന്‍.എസ്.എസ് സമാഹരിച്ച 300 പുസ്തകങ്ങള്‍ ഇടമലക്കുടിയില്‍ ആരംഭിക്കുന്ന ലൈബ്രറിക്കായി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.പി. അനില്‍കുമാറിനെ ഏല്‍പിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസമായ ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ കളമെഴുത്ത് പ്രദര്‍ശനം ഉണ്ടായിരിക്കും.
കളിയരങ്ങിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് നാലര മുതല്‍ സുഭദ്രാഹരണം കഥകളിയെക്കുറിച്ച് പ്രഭാഷണവും കഥകളിപദകച്ചേരിയും അരങ്ങേറും.
വിദ്യാര്‍ഥി യൂണിയന്‍
തെരഞ്ഞെടുപ്പ്
റഗുലര്‍, സ്വാശ്രയ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് (2016-17) നവംബര്‍ 15ന് നടത്തും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം അതത് ഡിപ്പാര്‍ട്ട്‌മെന്റുകളിലും സര്‍വകലാശാല ഓഫിസിലും നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."