ഇന്ത്യ- ന്യൂസിലാന്റ് അവസാന ഏകദിനം ഇന്ന്; പരമ്പര ലക്ഷ്യമിട്ട് ഇരു ടീമുകളും
വിശാഖപട്ടണം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടം ഇന്നു വിശാഖപട്ടണത്ത് അരങ്ങേറും. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയില്‍ തുല്ല്യതയില്‍ നില്‍ക്കുന്നതിനാല്‍ ഇരു ടീമുകള്‍ക്കും പരമ്പര നേടാന്‍ വിജയം അനിവാര്യം. പരമ്പര സ്വന്തമാക്കി ദീപാവലി ആഘോഷിക്കാന്‍ ഇന്ത്യക്കു സാധിക്കുമോ അതോ ടെസ്റ്റ് പരമ്പരയിലെ വെള്ളപൂശലിനു കിവികള്‍ക്ക് പകരം ചോദിക്കാന്‍ അവസരമൊരുങ്ങുമോ എന്നു കാത്തിരുന്നു കാണാം.
ഇന്ത്യയില്‍ പരമ്പര നേടുന്ന ആദ്യ ന്യൂസിലന്‍ഡ് നായകന്‍ എന്ന അപൂര്‍വ റെക്കോര്‍ഡാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസിനു മുന്നിലുള്ളത്. ടെസ്റ്റിലെ കൂട്ടത്തോല്‍വിക്കു ശേഷം ന്യൂസിലന്‍ഡ് ഉയിത്തേഴുന്നേറ്റു വന്ന ടീമാണ്. അതിനാല്‍ തന്നെ വിജയം ആര്‍ക്കൊപ്പമെന്നു തറപ്പിച്ചു പറയുക അസാധ്യം. ഇന്ത്യന്‍ നായകന്‍ ധോണിയെ സംബന്ധിച്ച് പരമ്പര നിര്‍ണായകമായി കഴിഞ്ഞു. തന്റെ ഫിനിഷിങ് പാടവത്തെക്കുറിച്ചും മറ്റും ആശങ്കപ്പെട്ടു തുടങ്ങിയ ധോണി അക്കാരണത്താല്‍ സ്വയം സ്ഥാനം കയറി ബാറ്റിങ് ഓര്‍ഡറില്‍ നാലാമനായി ക്രീസിലെത്തുകയാണെന്നു തുറന്നു സമ്മതിച്ചു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ തന്റെ അന്താരാഷ്ട്ര കരിയറിന്റെ സായാഹ്നത്തിലാണെന്ന പരോക്ഷ സൂചന അദ്ദേഹം നല്‍കിയെന്നു ചുരുക്കം.
നായകനെന്ന നിലയില്‍ അതിനാല്‍ തന്നെ പരമ്പര നേടുകയെന്ന അതിയായ ആഗ്രഹവും ധോണിയ്ക്കുണ്ടാകുമെന്നുറപ്പ്. പരമ്പര തോല്‍ക്കേണ്ടി വന്നാല്‍ അദ്ദേഹത്തിന്റെ നായക സ്ഥാനത്തിനു അതു ഭീഷണിയായി മാറാനും സാധ്യത കൂടുതലാണ്. ധോണിക്കു കീഴില്‍ ഇന്ത്യ കഴിഞ്ഞ 18 മാസത്തിനിടെ ബംഗ്ലാദേശ്, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേ ഏകദിന പരമ്പര തോറ്റിരുന്നു. സിംബാബ്‌വേക്കെതിരേ മാത്രമാണ് ഇന്ത്യയുടെ പരമ്പര നേട്ടം.
ഗുപ്റ്റിലടക്കമുള്ള താരങ്ങള്‍ ഫോമിലേക്കെത്തിയത് ന്യൂസിലന്‍ഡിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ആദ്യ മൂന്നു ഏകദിനത്തിലും പരാജയമായിരുന്ന അജിന്‍ക്യ രഹാനെ കഴിഞ്ഞ മത്സരത്തില്‍ മികവിലേക്കെത്തിയത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. നാലു മത്സരങ്ങള്‍ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ ഉപ നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ് സ്ഥിരത പുലര്‍ത്തിയതെന്നു കാണാം. ഇരു പക്ഷത്തേയും ബൗളര്‍മാര്‍ ഫോമില്‍ നില്‍ക്കുന്നത് ടീമുകള്‍ക്ക് ആശ്വസം നല്‍കുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റം ഉണ്ടാകാനുള്ള സാധ്യതയില്ല. അതേസമയം കിവികള്‍ കൊറി ആന്‍ഡേഴ്‌സന്‍, ആന്റണ്‍ ഡേവ്‌സിച്ച് എന്നിവരില്‍ ഒരാള്‍ക്ക് അവസരം നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."