റോഹിംഗ്യന്‍ സ്ത്രീകളെ തോക്കിന്‍മുനയില്‍ സൈന്യം പീഡിപ്പിച്ചു; വീട് കൊള്ളയടിച്ചു
യാങ്കൂണ്‍: മ്യാന്‍മര്‍ സൈന്യം തങ്ങളെ തോക്കുചൂണ്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് റോഹിംഗ്യന്‍ സ്ത്രീകള്‍. റാഖിനെ സംസ്ഥാനത്തുള്ള നിരവധി സ്ത്രീകളാണ് പരാതിയുമായി രംഗത്തുവന്നത്. യൂഷെ ക്യാ ഗ്രാമത്തിലെ എട്ടു സ്ത്രീകളുടെ അനുഭവമാണ് അന്താരാഷ്്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
റാഖിനെയില്‍ പീഡനത്തിന് ഇരയായ അഞ്ചു സ്ത്രീകളുമായി ഫോണിലൂടെയാണ് തങ്ങള്‍ സംസാരിച്ചതെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി. ബുദ്ധതീവ്രവാദികളുടെ പീഡനത്തിനു വിധേയരായവരാണ് സൈന്യത്തിന്റെ പീഡനം കൂടി ഏറ്റുവാങ്ങേണ്ടിവന്നത്. 40 കാരിയായ സ്ത്രീയെയും അവരുടെ 15 കാരിയായ മകളെയും സൈന്യം തോക്കിന്‍മുനയില്‍ പീഡിപ്പിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഇവരുടെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും അപഹരിച്ചു.
ക്രൂരപീഡനമാണ് നടന്നതെന്ന് ഇവരുടെ വാക്കുകള്‍ ഉദ്ധരിച്ച് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രാജ്യത്ത് നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊന്നുകളയുമെന്നും സൈനികര്‍ പറഞ്ഞതായി പീഡനത്തിനിരയായ 30 കാരി പറഞ്ഞു.
പണവും സ്വര്‍ണവും അപഹരിച്ച സൈനികര്‍ അരിയും ഭക്ഷ്യസാധനങ്ങളും നശിപ്പിച്ചു. വൈദ്യസഹായത്തിന് അയല്‍ഗ്രാമത്തിലേക്ക് പോകാന്‍ പോലും കഴിയുന്നില്ലെന്നും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും സൈന്യം നശിപ്പിച്ചതായും 32 കാരിയായ ഇരയും പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ മ്യാന്‍മര്‍ പ്രസിഡന്റ് തിന്‍ ക്യോയുടെ വക്താവ് സോ തേ നിഷേധിച്ചു.
800 വീടുകളുള്ള ഗ്രാമത്തില്‍ വെച്ച് സൈന്യം പീഡനം നടത്തിയെന്ന് വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ ഒളിത്താവളമാണ് ഈ ഗ്രാമമെന്നും സോ തോ പറഞ്ഞു. പീഡനത്തെ കുറിച്ച് വാര്‍ത്താ ഏജന്‍സിയുടെ ഇ മെയിലിനോട് സൈന്യം പ്രതികരിച്ചിട്ടില്ല.
റോഹിംഗ്യന്‍ മുസ്്‌ലിംകളെ വംശഹത്യ ചെയ്യാന്‍ ബുദ്ധതീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന നയമാണ് മ്യാന്‍മര്‍ സൈന്യം സ്വീകരിക്കുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന റാഖിനെയിലുള്ള ന്യൂനപക്ഷമായ റോഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാരും തീവ്രവാദികളുമാണെന്നാണ് ബുദ്ധതീവ്രവാദികള്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ഒന്‍പതു മുതല്‍ റാഖിനെയില്‍ വീണ്ടും കലാപം പൊട്ടിപുറപ്പെടുകയും റോഹിംഗ്യകള്‍ക്കെതിരേ സൈന്യം ആക്രമണം നടത്തുകയും ചെയ്തിരുന്നു.
25 ലേറെ റോഹിംഗ്യകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 400 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇതിനിടെ അല്‍ യാകിന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ വിഭാഗം ഒന്‍പതു പൊലിസുകാരെയും അഞ്ചു സൈനികരെയും കൊലപ്പെടുത്തുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ആറുമാസം മാത്രം പ്രായമായ ജനാധിപത്യ ഭരണകൂടമായ മ്യാന്‍മര്‍ സര്‍ക്കാരിന് വെല്ലുവിളിയാണ് വീണ്ടും പൊട്ടിപുറപ്പെട്ട റോഹിംഗ്യന്‍ കലാപം. 11 ലക്ഷം റോഹിംഗ്യകളാണ് റാഖിനെ സംസ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."