ജനാധിപത്യ മഹോത്സവം ആഘോഷമാക്കി വോട്ടര്‍മാര്‍
സ്വന്തം ലേഖിക
കോഴിക്കോട്: അടുത്ത തവണ വോട്ട് ചെയ്യാനില്ലെന്നു നേരത്തെ തീരുമാനിച്ചുറപ്പിച്ച ശേഷമാണ് അയല്‍വാസികളായ നാരായണിയമ്മയും പാത്തുമ്മയും ചെറുവാടി ചുള്ളിക്കാപ്പറമ്പിലെ തേലേരി മുഹമ്മദ് സാഹിബ് സ്മൃതി ജി.എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയത്. ഇരുവരും വീട്ടുകാരോടൊപ്പം ഒരുമിച്ചെത്തി വോട്ട് രേഖപ്പെടുത്തി ഏറെനേരം കുശലംപറഞ്ഞു മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോക്കും പോസ് ചെയ്ത് അവസാനത്തെ വോട്ട് ആഘോഷമാക്കിയാണു മടങ്ങിയത്.
ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ഏറെയും പ്രായമായവരുടെ സജീവ സാന്നിധ്യം കൊണ്ടു സമ്പന്നമായിരുന്നു. യുവാക്കളേക്കാള്‍ ആവേശത്തോടെയാണ് ഓരോരുത്തരും പോളിങ് ബൂത്തിലെത്തിയത്. വോട്ട് ചെയ്യാന്‍ പുതിയ രീതിയാണെങ്കിലും അതിന്റെ പരിഭ്രമമൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. എല്ലാം നേരത്തെ ചോദിച്ചുമനസിലാക്കിയാണ് എല്ലാവരുമെത്തിയത്. കണ്ണുകാണാത്തവരും നടക്കാനാകാത്തവരുമെല്ലാം മനസില്ലാ മനസോടെ ഓപണ്‍ വോട്ടിനു സമ്മതിച്ചു. എങ്ങിനെയായാലും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നു നിര്‍ബന്ധം എല്ലാവര്‍ക്കുമുണ്ടായിരുന്നു.
ജനാധിപത്യത്തിന്റെ മഹോത്സവമായ തെരഞ്ഞെടുപ്പ് പതിവുപോലെ ജില്ലയിലെ ഓരോ വോട്ടര്‍മാരും കൊണ്ടാടുകയായിരുന്നു. വോട്ടിങ് മെഷീനുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തി സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്‌പോള്‍ നടത്തിയ ശേഷമാണ് പോളിങ് നടപടികള്‍ക്കു തുടക്കമായത്. ഉച്ചയ്ക്കു ശേഷമുണ്ടാകാവുന്ന മഴയും വെയിലും മുന്‍കൂട്ടിക്കണ്ടു കൂടുതല്‍ പേരും അതിരാവിലെത്തന്നെ വോട്ട് ചെയ്യാനെത്തി.
ചിലയിടങ്ങളില്‍ തുടക്കത്തില്‍തന്നെ വോട്ടിങ് മെഷീനുകള്‍ ചെറുതായി പണിമുടക്കി. എങ്കിലും അക്ഷമരാകാതെ വോട്ടര്‍മാര്‍ കാത്തുനിന്നു. ചിലയിടങ്ങളില്‍ മാത്രം നേരിയ വാക്കേറ്റങ്ങളുണ്ടായി. ഉടന്‍ പാഞ്ഞെത്തി പൊലിസും കേന്ദ്രസേനയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു. എല്ലാം മറികടന്നു ജില്ലയില്‍ കനത്ത പോളിങ് തന്നെ നടന്നു.
രാവിലെ പതിനൊന്നോടെ തന്നെ ജില്ലയിലെ പോളിങ് 30 ശതമാനം കടന്നിരുന്നു. കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം രാവിലെത്തന്നെ കനത്ത പോളിങ് രേഖപ്പെടുത്തി. തിരുവമ്പാടി മണ്ഡലത്തില്‍പ്പെട്ട ആദിവാസി വോട്ടര്‍മാരും രാവിലെത്തന്നെയെത്തി തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി. രാവിലെ ഏഴിനു തന്നെ തുടങ്ങിയ പോളിങ് വോട്ടര്‍മാരുടെ ബാഹുല്യവും നടപടിക്രമങ്ങളിലെ മന്ദഗതിയും കാരണം പലയിടങ്ങളിലും രാത്രിവരെ നീണ്ടു. ആറു മണിക്കുള്ളിലെത്തി വരിയില്‍ നിന്നവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ടിങ് അനുവദിച്ചപ്പോള്‍ പലയിടങ്ങളിലും വോട്ടിങ് സമയം ഏഴുമണിയും കഴിഞ്ഞിരുന്നു.
ജില്ലയിലെ സ്ത്രീ സൗഹൃദ ബൂത്തുകളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.
പരിചയക്കുറവിന്റെ പ്രശ്‌നങ്ങളൊന്നും സ്ത്രീബൂത്തുകളെ ബാധിച്ചതേയില്ല. പോളിങ് ഉദ്യോഗസ്ഥരെക്കുറിച്ചും പതിവുള്ള പരാതികളൊന്നും ഇത്തവണ ഉയര്‍ന്നുകേട്ടില്ല. വൈവിധ്യങ്ങള്‍ നിറഞ്ഞതാണെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."