വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ ഒഴിവ്; നികത്താന്‍ നടപടികളില്ല ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റിന് ജനം കാത്തിരിക്കുന്നത് മണിക്കൂറുകള്‍
മാനന്തവാടി: ഒഴിഞ്ഞുകിടക്കുന്ന വില്ലേജ് എക്സറ്റന്ഷന് ഓഫിസര്‍മാരുടെ ഒഴിവ് നികത്താത്തത് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന പൊതുജനത്തിന് ദുരിതമാകുന്നു. ഓഫിസര്‍മാരില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റിനായി ഗുണഭോക്താക്കള്‍ നെട്ടോട്ടമോടുകയാണ്. മാനന്തവാടി താലൂക്കില്‍ ഒരു നഗരസഭയും ആറ് പഞ്ചായത്തുകളുമാണ് ഉള്ളത്. ഒരു വില്ലേജില്‍ ഒരു വി.ഇ.ഒ എന്ന കണക്കില്‍ 14 പേരാണ് വേണ്ടത്. നിലവില്‍ എട്ടു പേര് മാത്രമാണുള്ളത്. ഇതില്‍ രണ്ട് പേര് ഏത് നിമിഷവും പോകാനുള്ള ഓര്‍ഡര്‍ പ്രതീക്ഷിച്ച് കഴിയുകയാണ്. തവിഞ്ഞാലില്‍ മാത്രമാണ് രണ്ട് പേരുള്ളത്. ബാക്കിയുള്ള വില്ലേജുകളില്‍ ഉള്ളവര്‍ക്ക് അഡീഷണല്‍ ചാര്‍ജ് നല്‍കിയിരിക്കുകയാണ്. ആറ് മാസത്തിലധികമായി തസ്തികകള്‍ ഒഴിങ്ങ് കിടക്കുകയാണ്. ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റിനായി ആളുകള്‍ രാവിലെ മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും ഗ്രാമ പഞ്ചായത്ത് ഓഫിസുകള്‍ക്ക് മുന്നിലും കാത്തു കെട്ടി കിടക്കുകയാണ്. ജോലി ഭാരം മൂലം പല ലേഡി വി.ഇ.ഒമാരും അവധി എടുക്കാനുള്ള ശ്രമത്തിലാണ്. ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ജീവനക്കാര്‍ തങ്ങളുടെ ജോലികള്‍ മാറ്റി വച്ച് വി.ഇ.ഒമാരെ സഹായിക്കാന്‍ തയാറായതിനാലാണ് കുറച്ചു പേര്‍ക്കെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയുന്നത്. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന തിയതി നീട്ടിയത് വി.ഇ.ഒമാര്‍ക്കും അതോടൊപ്പം ഗുണഭോക്താക്കള്‍ക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."