മല്യയെ ബ്രിട്ടനില്‍ നിന്നു ചാടിക്കാനുള്ള നടപടികള്‍ തുടങ്ങി
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നു ആയിരക്കണക്കിനു കോടി രൂപ വായ്പയെടുത്തു മുങ്ങിയ മദ്യ രാജാവ് വിജയ് മല്യയെ ബ്രിട്ടനില്‍ നിന്നു ചാടിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി. ഇതുസംബന്ധിച്ചു സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തി. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഏകദേശം ഒരുമാസത്തോളം പിടിക്കും. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ നേരത്തെ നിരസിച്ചിരുന്നു. മതിയായ രേഖകള്‍ കൈവശമുള്ള ഒരാളെ വിട്ടുതരാനാവില്ലെന്നായിരുന്നു അന്ന് ബ്രിട്ടന്‍ ഇന്ത്യയെ അറിയിച്ചിരുന്നത്.
മല്യയെ വിട്ടുതരില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിപ്പിക്കണമെന്ന് ഇന്റര്‍പോളിനോട് കഴിഞ്ഞയാഴ്ച ഇ.ഡി ആവശ്യപ്പെട്ടിരുന്നു. മല്യയെ വിട്ടുകിട്ടാന്‍ ഇരു രാജ്യങ്ങള്‍ക്കും സംയുക്തമായി നടപടി സ്വീകരിക്കാമെന്നും 1971ലെ നിയമനുസരിച്ച് പാസ്‌പോര്‍ട്ട് റദ്ദാക്കിയാലും നാടുകടത്താനാകില്ലെന്നുമാണ് ബ്രിട്ടന്‍ ഇന്ത്യയെ അറിയിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ പൂട്ടാനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ വഴികള്‍ തേടിയത്.
വിദേശകാര്യ മന്ത്രാലയം മല്യയുടെ പാസ്‌പോര്‍ട്ട് നേരത്തെ റദ്ദാക്കിയിരുന്നു. മുംബൈ പ്രത്യേക കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിലേക്കു വരാന്‍ തയ്യാറാണെന്നും പക്ഷേ തന്റെ സുരക്ഷ ഉറപ്പുനല്‍കണമെന്നും വിജയ് മല്യ പറഞ്ഞു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ മുന്നിലെത്താനും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനും തയ്യാറാണ്. ബാങ്കുകളുമായി ചര്‍ച്ച നടത്താനും തയ്യാറാണ്.
തനിക്കെതിരായ കള്ളപ്പണം വെളിപ്പിക്കല്‍ കേസ് അടിസ്ഥാനരഹിതമാണ്. ഒരു ബാങ്കും ഒരു അന്വേഷണ ഏജന്‍സിയും ഇതുവരെ തന്നോട് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."