'കണ്ടം ബെച്ച കോട്ടി'ന്റെ മധുരസ്മരണയില്‍ അലിഞ്ഞ് കോഴിക്കോട്
കോഴിക്കോട്: 'കണ്ടം ബെച്ചൊരു കോട്ടാണ്, പണ്ടേ കിട്ടിയ കോട്ടാണ് '... ആ പഴയഗാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആലപിച്ചപ്പോള്‍ സദസിലുള്ളവരെല്ലാം 55 വര്‍ഷം പിന്നിലേക്ക് തിരിച്ചുപോയി. മലയാളത്തിന്റെ ആദ്യ കളര്‍ച്ചിത്രത്തിന്റെ മധുരമൂറുന്ന ഓര്‍മകളില്‍ അലിഞ്ഞു ചേരാനെത്തിവരെല്ലാം തുടക്കത്തില്‍ തന്നെ പാട്ടിലലിഞ്ഞു. 'കണ്ടം ബെച്ച കോട്ട് ' സിനിമയുടെ 55-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായായാണ് മൂവി മാജിക് ഫിലിം അക്കാദമിയും മലയാളചലച്ചിത്ര സൗഹൃദവേദിയും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.
പഴയ മലയാള സിനിമയുടെ പ്രതാപം ഇപ്പോഴില്ലെന്നും ഗ്രാമ-നഗര വിത്യാസമില്ലാതെ തിയേറ്ററുകള്‍ മണ്‍മറഞ്ഞുപോകുന്ന അവസ്ഥയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബാബു പറശ്ശേരി പറഞ്ഞു. ചടങ്ങില്‍ സി.എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷനായി. 'കണ്ടം ബച്ച കോട്ടി'ല്‍ അഭിനയിച്ച നിലമ്പൂര്‍ ആയിഷ, ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്‍, നടന്മാരായ കോഴിക്കോട് നാരായണന്‍ നായര്‍, ശശികലിംഗ, വിജയന്‍ കാരന്തൂര്‍ എന്നിവരെയും ആര്‍. കനകാംബരന്‍, കെ.വി അബൂട്ടി, സുനില്‍ ഭാസ്‌കര്‍, പി.ടി ഹാരിസ്, എം.എസ് ബാബുരാജിന്റെ മകന്‍ ജബ്ബാര്‍ ബാബുരാജ്, ഗായിക ആര്യാ മോഹന്‍ദാസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. റഹീം പൂവാട്ടുപറമ്പ്, എം.വി കുഞ്ഞാമു, വി.എം വിജയന്‍, ഡോ. ഷാഹുല്‍ ഹമീദ്, മുജീബ് കുറ്റാളുര്‍ക്കാരന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."