സന്നദ്ധ സംഘടനയുടെ പ്രദര്‍ശനശാലയില്‍ തീപിടിത്തം
കോഴിക്കോട്: ധനസമാഹരണാര്‍ഥം അരയിടത്തുപാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രദര്‍ശനശാലക്ക് തീപിടിച്ചു. നിലാവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓഷ്യാനിക് എക്‌സ്‌പോയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. തീപിടിത്തം പ്രദര്‍ശനം തുടങ്ങുന്ന സമയത്തിന് മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടനെ ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂനിറ്റ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അവസരോചിതമായ ഇടപെടല്‍ കാരണം എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണമായ അക്വേറിയം അഗ്നിക്കിരയായില്ല. വലിയ മത്സ്യങ്ങള്‍ അടക്കം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് സംഘാടകര്‍ അക്വേറിയം ഒരുക്കിയിരുന്നത്. എക്‌സ്‌പോയുടെ മുന്നിലെ കമാനങ്ങളും ഉള്ളിലെ അലങ്കാര വസ്തുക്കളും ഫ്‌ളക്‌സുകളുമെല്ലാം കത്തിനശിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ കെ.എം ജോമി, അസിസ്റ്റന്റ് ഓഫിസര്‍ വി.കെ ബിജു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."