കോഴിക്കോട്ടെ പൊലിസ് മ്യൂസിയംv
പ്രവര്‍ത്തനം തുടങ്ങുന്നത് സൗണ്ട് സിസ്റ്റവും പ്രകാശ സംവിധാനവുമുള്ള സംസ്ഥാനത്തെ ആദ്യ പൊലിസ് മ്യൂസിയം
കോഴിക്കോട്: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം പൊലിസ് മ്യൂസിയത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. നവംബര്‍ ആദ്യവാരത്തോടെ പൊതുജനങ്ങള്‍ക്കായി മ്യൂസിയം തുറക്കും. കമ്മിഷണര്‍ ഓഫിസ് കെട്ടിടത്തിനു പിന്നിലുള്ള ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പഴയകെട്ടിടത്തിലൊരുക്കിയിരിക്കുന്ന മ്യൂസിയം സൗണ്ട് സിസ്റ്റവും പ്രകാശ സംവിധാനവുമുള്ള സംസ്ഥാനത്തെ ആദ്യ പൊലിസ് മ്യൂസിയം കൂടിയാണ്. പ്രധാനമായും മൂന്നു വിഭാഗങ്ങളിലായി അഞ്ച് മുറികളാണ് മ്യൂസിയത്തിലുള്ളത്. ഒന്നാമത്തേതില്‍ ബ്രിട്ടീഷ് ഭരണകാലത്തെ പൊലിസ് ഉപയോഗിച്ചിരുന്ന തൊപ്പി, ട്രൗസര്‍, ഷര്‍ട്ട്, ലാത്തി, വിസില്‍ തുടങ്ങി വിവിധ വസ്തുക്കളാണുണ്ടാകുക.
പൊതുജനങ്ങളില്‍നിന്നും റിട്ട. പൊലിസുകാരില്‍നിന്നും ശേഖരിച്ച വസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. രണ്ടാമത്തെ വിഭാഗത്തില്‍ മുന്ന് മുറികളാണുള്ളത്. ഇതില്‍ കൊലപാതകം, ആത്മഹത്യ, തീപൊള്ളലേറ്റ മരണം എന്നിങ്ങനെ മൂന്ന് ക്രൈം സീനുകളാണ് ഒരുക്കിയിട്ടുള്ളത്. നെറ്റിയില്‍ വെടിയുണ്ട തുളച്ചുകയറി ഓഫിസ് കസേരയില്‍ മരണപ്പെട്ട നിലയിലുള്ള ഉദ്യോഗസ്ഥന്‍, പഴയ ഓലമേഞ്ഞ വീടിന്റെ അടുക്കളയില്‍ തീപ്പൊള്ളലേറ്റ് കിടക്കുന്ന സ്ത്രീ, അലസ ജീവിതത്തിനൊടുവില്‍ മുറിയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത മധ്യവയസ്‌കന്‍ തുടങ്ങിയ രംഗങ്ങളിലൂടെ ചുറ്റുവട്ടത്തു കാണുന്നതും നമ്മെ ചിന്തിപ്പിക്കുന്നതുമായ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. മൂന്നും ചെന്നെയിലെ സിനിമാ ലൊക്കേഷനുകളില്‍ പറഞ്ഞ് നിര്‍മിച്ച റബര്‍ ഡമ്മികളാണ്.
പൊലിസ് നടത്തേണ്ടുന്ന പ്രാഥമിക നടപടികളും ഇവിടെ ആവിഷ്‌കരിക്കും. നാലാമത്തെ മുറിയില്‍ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിഫ്യൂഷന്‍ ഗാലറിയാണ് ഒരുങ്ങുന്നത്. ഇവിടെ വിവിധ തരം ബോംബുകള്‍, അവയുടെ പ്രര്‍വര്‍ത്തനരീതി എന്നിവ പ്രദര്‍ശിപ്പിക്കും. അതിശയിപ്പിക്കുന്ന ശബ്ദസംവിധാനമാണ് മ്യൂസിയത്തിന്റെ മറ്റൊരു പ്രത്യേകത. എല്ലാ മുറികളിലും ഡിം ലൈറ്റും, വവ്വാലിന്റെയും മറ്റ് ഭയപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദങ്ങളുമുണ്ടാകും. ജില്ലയില്‍ ആദ്യമായി പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, ആദ്യത്തെ പൊലിസ് മേധാവി, ആദ്യകാലത്തെ പൊലിസ് വസ്ത്രം, തൊപ്പി, കൈത്തോക്ക്, സ്ഥാന ചിഹ്നങ്ങള്‍ ഇങ്ങനെ ക്രമസമാധാനപാലകരുടെ ആദ്യകാല ചരിത്രങ്ങളും കുറ്റാന്വേഷണത്തിന്റെ പ്രാഥമിക പാഠങ്ങളുമെല്ലാം മ്യൂസിയത്തിലുണ്ട്.
പൊലിസ് സേനയില്‍ പുതുതായി ചേരുന്നവര്‍ക്കും പൊലിസിനെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്ന രീതിയിലായിരിക്കും മ്യൂസിയം പ്രവര്‍ത്തിക്കുക. ജില്ലാ പൊലിസ് മേധാവി ഉമാ ബെഹ്‌റയുടെ നേതൃത്വത്തില്‍ പൊലിസ് ആര്‍ട്ട് ഡയറക്ടര്‍ പ്രേമദാസ് ഇരുവള്ളൂര്‍, അസോസിയേറ്റ് സുഗേഷ് വരപ്പുര, ബോംബ് സ്‌ക്വാര്‍ഡ് റിട്ട. എസ്.ഐ പ്രേമാനന്ദന്‍ എന്നിവരാണ് മ്യൂസിയത്തിന്റെ നിര്‍മാണത്തിനായി ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."