പിടികൊടുക്കാതെ കായല്‍ മീനുകളും; ആശങ്കയുടെ പിടിയില്‍ മത്സ്യത്തൊഴിലാളികള്‍
മാറഞ്ചേരി: മഴയുടെ കുറവ് കാര്‍ഷിക മേഖലയ്ക്കു നല്‍കിയ കനത്ത തിരിച്ച മത്സ്യത്തൊഴിലാളികള്‍ക്കും ഇരുട്ടടിയാകുന്നു. കടലിലെ വറുതിയെപ്പോലെ കായലില്‍ സുലഭമായിരുന്ന മിക്ക മത്സ്യങ്ങളും മഴ കുറഞ്ഞതോടെ അപ്രത്യക്ഷമായിക്കഴിഞ്ഞു. കായലില്‍ വെള്ളം കുറഞ്ഞതിനാല്‍ മത്സ്യങ്ങളുടെ ഉല്‍പാദനക്കുറവാണ് മത്സ്യലഭ്യതില്‍ കുറവനുഭവപ്പെടാനുള്ള മുഖ്യകാരണം.
കായലില്‍നിന്നു ലഭിക്കുന്ന മത്സ്യങ്ങള്‍ വില്‍പന നടത്തി ഉപജീവനം നയിക്കുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. കായലില്‍നിന്നു ധാരാളമായി ലഭിച്ചിരുന്ന ബ്രാല്‍, കടു, മഞ്ഞീല്‍, കൊഞ്ച്, വാള, നരിമീന്‍, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങളാണ് നിലവില്‍ വലിയതോതില്‍ കായലില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.
മീന്‍ ലഭിക്കാതെവ ന്നതോടെ കായലോരങ്ങളില്‍ സജീവമായിരുന്ന ചെറിയ മത്സ്യക്കടകള്‍ അടച്ചൂപൂട്ടേണ്ട അവസ്ഥയാണ്. മത്സ്യം വില്‍പന നടത്തി ജീവിച്ചിരുന്ന പല തൊഴിലാളികളും ഉപജീവനം മുന്നോട്ടുകൊണ്ടുപോകാന്‍ മറ്റു ജോലികള്‍ക്കു പോകുകയാണ്. വളര്‍ത്തു മത്സ്യങ്ങള്‍ വില്‍പനയ്‌ക്കെത്തുന്നതും പരമ്പരാഗത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ കാര്യമായി ബാധിക്കുന്നുണ്ട്. കാഞ്ഞിരമുക്ക്, അയിനിച്ചിറ, ബിയ്യം തുടങ്ങിയ ഭാഗങ്ങളിലാണ് കായല്‍ മത്സ്യങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കുടുംബങ്ങള്‍ ഏറെയും താമസിക്കുന്നത്. മഴ ലഭിച്ചില്ലെങ്കില്‍ വരുംകാലങ്ങളില്‍ കായല്‍ മത്സ്യങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ് പരമ്പരഗത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."