കോഹ്‌ലിയുടെ മികവില്‍ ബാംഗ്ലൂര്‍
കൊല്‍ക്കത്ത: ഐ.പി.എല്ലിലെ ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടത്തില്‍ ബാംഗ്ലൂരിന് ഒന്‍പതു വിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം എട്ടുപന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ബാംഗ്ലൂര്‍. വിരാട് കോഹ്‌ലി(75*) എ.ബി ഡിവില്ല്യേഴ്‌സ് (59*)എന്നിവരുടെ മികവിലാണ് ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കിയത്. കോഹ്‌ലി 51 പന്തില്‍ അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സറുമടിച്ചു. ഡിവില്ല്യേഴ്‌സ് 31 പന്ത് നേരിട്ട് അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തി.
മത്സരത്തില്‍ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും കോഹ്‌ലിക്ക് സാധിച്ചു. നേരത്തെ 2012ല്‍ ക്രിസ് ഗെയ്‌ലും 2013ല്‍ മൈക്ക് ഹൈസിയും നേടിയ 733 റണ്‍സിന്റെ റെക്കോര്‍ഡ് നേട്ടമാണ് കോഹ്‌ലി മറികടന്നത്. ക്രിസ് ഗെയ്ല്‍(49) ആണ് ബാംഗ്ലൂര്‍ നിരയില്‍ പുറത്തായ ബാറ്റ്‌സ്മാന്‍
നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നായകന്‍ ഗൗതം ഗംഭീര്‍(51) മനീഷ് പാണ്ഡെ(50) എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്.
മികച്ച ഫോമിലുള്ള റോബിന്‍ ഉത്തപ്പ(2)യെ ഇഖ്ബാല്‍ അബ്ദുല്ല സ്വന്തം ബൗളിങില്‍ പുറത്താക്കിയതോടെ കൊല്‍ക്കത്ത പരുങ്ങലിലായി. മൂന്നാം വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത ഗംഭീര്‍-പാണ്ഡെ സഖ്യം കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ബാംഗ്ലൂരിന്റെ ബൗളിങിനെ മികച്ച രീതിയില്‍ നേരിട്ട സഖ്യം അനായാസം റണ്‍ വാരി. 34 പന്ത് നേരിട്ട ഗംഭീര്‍ എഴു ബൗണ്ടറിയടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. പാണ്ഡെ 35 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറും അടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. ഇരുവരും തകര്‍ത്തു കളിച്ചപ്പോള്‍ ആദ്യ പത്തോവറില്‍ കൊല്‍ക്കത്ത 90 റണ്‍സ് വാരി.
എന്നാല്‍ രണ്ടാം പാതിയില്‍ ആശയക്കുഴപ്പത്തിനിടെ ഗംഭീര്‍ റണ്ണൗട്ടായത് ടീമിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. നിരന്തരം ആവര്‍ത്തിക്കുന്ന പിഴവ് ഇത്തവണയും ഗംഭീറിനെ പുറത്താകലിലേക്ക് നയിക്കുകയായിരുന്നു.
ഗംഭീര്‍ പുറത്തായതിന് ശേഷം പാണ്ഡെ സ്‌കോറിങ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അര്‍ധസെഞ്ച്വറി തികച്ചയുടനെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായി. അരവിന്ദിനായിരുന്നു വിക്കറ്റ്.
ഇരുവരും പുറത്തായതോടെ സ്‌കോര്‍ ഉയര്‍ത്താന്‍ യൂസഫ് പഠാന്‍(6) സൂര്യകുമാര്‍ യാദവ്(5) എന്നിവരെ കൊല്‍ക്കത്ത ഇറക്കിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ ആന്ദ്രേ റസല്‍(19 പന്തില്‍ 39*) ഷാകിബ് അല്‍ ഹസന്‍(11 പന്തില്‍ 18*) എന്നിവര്‍ ചേര്‍ന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. റസല്‍ മൂന്നുസിക്‌സറും രണ്ടു ബൗണ്ടറിയും അടിച്ചു. അതേസമയം ബാംഗ്ലൂരിന്റെ ബൗളര്‍മാരില്‍ ക്രിസ് ജോര്‍ദാന്‍ ഒഴികെയുള്ളവര്‍ നിരാശപ്പെടുത്തി. വാട്‌സന്‍ നാലോവറില്‍ 46 റണ്‍സ് വഴങ്ങിയപ്പോള്‍ അരവിന്ദ് നാലോവറില്‍ 41 റണ്‍സ് വഴങ്ങി. എന്നാല്‍ ജോര്‍ദാന്‍ മൂന്നോവറില്‍ 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."