റേഷന്‍ കടകള്‍ സമരകേന്ദ്രങ്ങള്‍
കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ നിയമവും റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കലും പ്രചാരണായുധങ്ങളാക്കി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയതോടെ റേഷന്‍ കടകകള്‍ സമര കേന്ദ്രങ്ങളാകുന്നു. കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സി.പി.എമ്മും ഒപ്പം സംസ്ഥാന സര്‍ക്കാരിനെയും ചേര്‍ത്ത് കോണ്‍ഗ്രസും മുസ്‌ലിംലീഗും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുമ്പോള്‍ ബി.ജെ.പി പ്രതിരോധ തന്ത്രമാണ് സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷാപദ്ധതി കരടുപട്ടികയില്‍ നിന്നു ആയിരങ്ങള്‍ പുറത്തുപോയതോടെ ജനങ്ങളില്‍ ആശങ്ക ശക്തമായിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുണ്ടാക്കിയ മുന്‍ഗണനാ ലിസ്റ്റിലെ പിഴവുകാരണമാണ് ഏറെപ്പേര്‍ പുറത്താകാന്‍ കാരണമെന്നും അര്‍ഹരായവരെ മുഴുവന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സി.പി.എം വ്യക്തമാക്കുന്നു.
കേരളീയരുടെ റേഷന്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും റേഷന്‍ സംവിധാനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ തിരഞ്ഞെടുത്ത റേഷന്‍കടകള്‍ക്കു മുന്‍പില്‍ എല്‍.ഡി.എഫ് തിങ്കളാഴ്ച ധര്‍ണ നടത്തും. ഇന്നലെ സി.പി.എമ്മും മുസ്‌ലീം ലീഗും റേഷന്‍ കടകളിലേക്കു മാര്‍ച്ചും നടത്തി. ആലക്കോട് പോസ്റ്റ് ഓഫിസിനു മുന്നില്‍ സി.പി.എം നടത്തിയ ധര്‍ണ്ണ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.ചെമ്മരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."