വെല്ലുവിളികള്‍ക്കു മുന്നില്‍ എഴുത്തുകാര്‍ കീഴടങ്ങരുത്: യു.കെ കുമാരന്‍
കൊല്ലം: വെല്ലുവിളികള്‍ക്കു മുന്നില്‍ എഴുത്തുകാര്‍ കീഴടങ്ങരുതെന്നും തെറ്റായ ധാരണകളെ ചെറുത്തു തോല്‍പിക്കണമെന്നും വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ കുമാരന്‍ പറഞ്ഞു.
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസി'ല്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ന്യായത്തിന്റെ പക്ഷത്തു നില്‍ക്കുന്ന മന:സാക്ഷി സൂക്ഷിപ്പുകാരനാകാന്‍ കഴിയണം. ഭീഷണികള്‍ക്കു കീഴടങ്ങിയാല്‍ പ്രതിലോമ ശക്തികള്‍ കൂടുതല്‍ ശക്തിപ്പെടും. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ നോവല്‍ ഇന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ചര്‍ച്ചയായി. ഭീഷണികളെ തുടര്‍ന്ന് പെരുമാള്‍ മുരുഗന്‍ എഴുത്തുനിര്‍ത്തി. തന്റെ രാഷ്ട്രീയം വിധേയത്വത്തിന്റേതല്ല, തിരിച്ചറിവിന്റേതാണെന്നും യു.കെ കുമാരന്‍ പറഞ്ഞു.
സാഹിത്യ കൃതികളെ മതപരമായി സമീപിക്കുന്നത് വലിയ അപകടമാണെന്ന് മതപരമായ കാഴ്ച്ചപ്പാടുകളിലൂടെയുള്ള വായന അപകടകരമായ തലങ്ങളിലേക്ക് കൊണ്ടുപോകും. അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന രീതി ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നു. ബഷീറിന്റെയും എം.ടിയുടെയും എന്‍.എസ് മാധവന്റെയുമൊക്കെ കൃതികള്‍ ഈ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മതവും ജാതിയും സര്‍ഗാത്മകതയില്‍ ഇടപെടുന്നത് അപകടകരമാണ്. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം നശിപ്പിക്കും. വായന തികച്ചും മതേതരമായിരിക്കണം. എഴുത്തുകാരന്‍ വിധേയനായാല്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടും. തന്റെ എഴുത്ത് പൊതുസമൂഹം ഏതു രീതിയില്‍ സ്വീകരിക്കുന്നു എന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്വം എഴുത്തുകാരനില്ല. തന്റെ ചിന്തകളെ എത്രത്തോളം വ്യക്തതയോടെ തുറന്നു പറയുന്നു എന്നതാണ് പ്രധാനം. സമൂഹത്തെ തിരിത്തുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ എഴുത്തിന്റെ രീതികളില്‍ ഏതു തിരഞ്ഞെടുക്കണമെന്നത് എഴുത്തുകാരന്റെ നീതിബോധമാണ്. പഴയ തലമുറ എഴുത്തുകാര്‍ക്കുണ്ടായിരുന്ന അനുഭവ മണ്ഡലങ്ങള്‍ പുതിയ തലമുറയ്ക്കു മുന്നില്‍ തുറക്കാത്തത് പരിമിതിയാണ്. പുതിയ എഴുത്തുകാര്‍ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവര്‍ കാണുന്ന ലോകത്തെ ശരി തെറ്റുകളെക്കുറിച്ച് വിലയിരുത്താനം തയാറാകുന്നില്ല. ഈ പോരായ്മകള്‍ക്കിടയിലും മികച്ച രചനകള്‍ ഉണ്ടാകുന്നുണ്ട്. പുതിയ തലമുറ എഴുത്തുകാരുടെ സംഭാവനകളെ വിലയിരുത്തേണ്ടത് കാലമാണ്. പെണ്ണെഴുത്ത്, ദലിത് സാഹിത്യം തുടങ്ങി രചനയിലെ വിഭാഗീയ കാഴ്ച്ചപ്പാടുകളോട് യോജിപ്പില്ല.
വയലാര്‍ അവാര്‍ഡു നേടിയ നോവല്‍ 'തക്ഷന്‍കുന്ന് സ്വരൂപന്‍' മുമ്പെ കടന്നുപോയ കാലത്തിന്റെ വീണ്ടെടുപ്പാണെന്നും യു.കെ കുമാരന്‍ പറഞ്ഞു. അന്നത്തെ ആചാരവും വാമൊഴിയുമെല്ലാം വളരെ പഴയതാണ്. നൂറോളം കഥാപാത്രങ്ങളുള്ള നോവല്‍ പകുതി ചരിത്രവും പകുതി കാല്‍പനികവുമാണെന്നു യു.കെ കുമാരന്‍ പറഞ്ഞു. പ്രസ് ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് സി. വിമല്‍കുമാര്‍ യു.കെ കുമാരന് സമ്മാനിച്ചു. സെക്രട്ടറി ഡി. ജയകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."