കിളിമാനൂരിലെ ജ്വല്ലറി കവര്‍ച്ച; പ്രതികള്‍ അറസ്റ്റില്‍
കിളിമാനൂര്‍: ജ്വല്ലറി പൂട്ടി വീട്ടിലേക്കു പോകുമ്പോള്‍ ഉടമയില്‍ നിന്നും 730 ഗ്രാം സ്വര്‍ണവും 6,90,000 രൂപയും കവര്‍ന്ന സംഘത്തിലെ ആറു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യആസൂത്രകനായ കിളിമാനൂര്‍ സ്വദേശി സഊദിയിലേക്ക് കടന്നു. ഇനിയും ചിലരെ അറസ്റ്റ് ചെയ്യാനുണ്ട്. ഇതില്‍ ഒരാള്‍ പൊലിസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. ആലപ്പുഴ ജില്ലയില്‍ കായംകുളം പത്തിയൂര്‍ എരുവ ചെറുകാവില്‍ കിഴക്കത്തില്‍ വിട്ടോബ എന്നുവിളിക്കുന്ന ഫൈസല്‍ (22), കായംകുളം ഭരണിക്കാവ് മാന്നാടിത്തടം മുണ്ടേലത്ത് വീട്ടില്‍ സജിത്ത് സോമന്‍ (22), ഇവരുടെ കൂട്ടാളികളായ കായംകുളം പത്തിയൂര്‍ എരുവ ജിജീസ് വില്ലയില്‍ ആഷിക് (21), കിളിമാനൂര്‍ ചൂട്ടയില്‍ ചൂട്ടയില്‍ കോളനിയില്‍ കുന്നുവിള വീട്ടില്‍ ചേര എന്ന് വിളിക്കുന്ന വിനോദ് (42), മൂവാറ്റുപുഴ രാമമംഗലം കിഴുമുറി എല്‍.പി.എസിനു സമീപം കലാസാഗര്‍ വീട്ടില്‍ സജികുമാര്‍ മകന്‍ ഹരികൃഷ്ണ സാഗര്‍ (23), മലപ്പുറം ജില്ലയില്‍ പരപ്പനങ്ങാടി ചിറമംഗലം ചട്ടിക്കല്‍ ഹൗസില്‍ മകന്‍ സുജിത്ത് (23) എന്നിവരെയാണ് റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദ് നേതൃത്വം നല്‍കിയ ഷാഡോ സംഘം ചേര്‍ന്ന് വിദഗ്ധമായി പിടികൂടിയത്.
മുഖ്യ ആസൂത്രകനായ കിളിമാനൂര്‍ സ്വദേശി പ്രമോദ് പ്രസന്നന്‍ ആണ് സഊദിയിലേക്ക് കടന്നത്. മറ്റു പ്രതികളായ ചെങ്ങന്നൂര്‍ മാന്നാര്‍ പുത്തന്‍ പുരയില്‍ ഷംസുദ്ദീന്‍ ഇപ്പോള്‍ തിരുവല്ല ബെലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലും. തിരുവല്ല കാവും ഭാഗം തെക്കേടത്ത് തുണ്ടില്‍ ജോബി മാത്യു ഒളിവിലാണ്. ഇക്കഴിഞ്ഞ ഒന്നാം തിയതി കിളിമാനൂരില്‍ പൂങ്കാവനം ജ്വല്ലറി ഉടമ സൈനുല്‍ ആബിദീന്‍ ജ്വല്ലറി പൂട്ടി പണവും സ്വര്‍ണവും അടങ്ങിയ ബാഗുമായി കാറിനടുത്തേക്ക് പോകുമ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ചേര്‍ന്ന് ബാഗ് പിടിച്ചു പറിച്ചു കടന്നുകളയുകയായിരുന്നു. കിളിമാനൂരില്‍ നിരീക്ഷണ കാമറകള്‍ ഉണ്ടങ്കിലും അത് പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ കുറ്റമറ്റ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
കായംകുളം സ്വദേശികളായ പ്രതികള്‍ കിളിമാനൂര്‍ സ്വദേശികളായ പ്രമോദ് പ്രസന്നനും വിനോദുമായുള്ള സൗഹൃദത്തിലൂടെയാണ് ജ്വല്ലറികൊള്ളയുടെ പദ്ധതി തയാറാക്കിയത്. ഫൈസല്‍,സജിത്ത് ,ആഷിക് എന്നിവര്‍ കായംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ പൊലിസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ പ്രതികളാണ്. നാട്ടില്‍ കേസ് ഉണ്ടായാല്‍ ഒളിച്ചു താമസിക്കുന്നത് കിളിമാനൂരിലാണ്. കഴിഞ്ഞ ആറുമാസമായി ഈ ജ്വല്ലറി കവര്‍ച്ച ചെയ്യുന്നതിന് ആസൂത്രണം ചെയ്തു വരികയായിരുന്നു. കവര്‍ച്ച നടക്കുന്നതിനു മൂന്നാഴ്ച മുമ്പ് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കവര്‍ച്ചയ്ക്ക് ശേഷം ബൈക്കില്‍ ബംഗളൂരിലേക്ക് രക്ഷപ്പെട്ട ഫൈസല്‍, സജിത്ത്, സോമന്‍ എന്നിവര്‍ അവിടെ മുന്‍ പദ്ധതി പ്രകാരം കൂട്ടുകാര്‍ക്കൊപ്പം കൂടി. ബംഗളൂരിലെ റോഡ് എന്ന സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. കൊള്ള മുതല്‍ ആര്‍ഭാട ജീവിതത്തിന് ഉപയോഗിച്ച് വരികയായിരുന്നു. സ്വര്‍ണം വില്‍പ്പനയ്ക്കായി ഷംസുദ്ദീന്‍, ജോബി മാത്യു എന്നിവരെ ഏല്‍പ്പിക്കുകയും വിറ്റു കിട്ടിയ പണം വാങ്ങാന്‍ പ്രതികള്‍ തിരുവല്ലയില്‍ എത്തിയപ്പോള്‍ പൊലിസ് പിടികൂടുകയുമായിരുന്നു. പ്രതികളില്‍ നിന്നും ബാക്കി ഉണ്ടായിരുന്ന 19 പവന്‍ സ്വര്‍ണവും 3,60,000 രൂപയും കണ്ടെടുത്തിട്ടുണ്ടന്നും വാര്‍ത്താ സമ്മേളനത്തില്‍ പൊലിസ് പറഞ്ഞു. ഷംസുദ്ദീന്‍, ജോബി എന്നിവര്‍ തിരുവല്ല മാന്നാര്‍ എന്നിവിടങ്ങളിലെ രണ്ടു കൊലക്കേസുകളില്‍ പ്രതികളാണ്.
പ്രതികള്‍ക്ക് കഞ്ചാവ്, മയക്കു മരുന്ന് ബിസിനസ് ഉള്ളതായും പൊലിസിന് സംശയമുണ്ട്. ഒരു തുമ്പും ഇല്ലാതിരുന്നിട്ടും ഒരു മാസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതില്‍ നാട്ടുകാര്‍ക്ക് പൊലിസിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."