'ഓര്‍മ മരം' ഇരുകൈയും നീട്ടി ഏറ്റുവാങ്ങി വയനാട്
കല്‍പ്പറ്റ: വോട്ടുചെയ്ത് കൈകളില്‍ മരത്തൈകളും ചുണ്ടില്‍ പുഞ്ചിരിയുമായി അവര്‍ പോളിങ് ബൂത്തുകളില്‍നിന്ന് മടങ്ങി. വോട്ടര്‍മാരെ ബോധവത്കരിക്കാനുള്ള സ്വീപ് പരിപാടിയുടെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പിന് വയനാട് ജില്ലയില്‍ നടപ്പിലാക്കിയ 'ഓര്‍മ മരം' പദ്ധതിയെ വോട്ടര്‍മാര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍തന്നെ ആദ്യപരീക്ഷണമെന്ന നിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ നല്‍കുന്ന നൂതനമായ പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയത്.
കൂടുതല്‍ വോട്ടര്‍മാരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ ഹരിതസന്ദേശം നല്‍കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. വയനാട്ടില്‍ പോളിങ് ശതമാനം ഉയര്‍ത്താനും 'ഓര്‍മ മരം' പദ്ധതി സഹായകമായി. 'ഓര്‍മ മരം' പദ്ധതിയുടെ ഭാഗമായി 71,500 ഓളം തൈകളാണ് ജില്ലയില്‍ ഇന്നലെ വിതരണം ചെയ്തത്. 47 മാതൃകാ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്ത എല്ലാവര്‍ക്കും ഫലവൃക്ഷത്തൈകള്‍ നല്‍കി. കന്നിവോട്ടര്‍മാര്‍ക്ക് 'ഓര്‍മ മരം' പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കി. മറ്റുള്ള മുഴുവന്‍ ബൂത്തുകളിലും കന്നി വോട്ടര്‍മാര്‍, 75 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, ഭിന്ന ശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ നല്‍കി. ശേഷിച്ചവര്‍ക്ക് ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നല്‍കും. മാവ്, റംബുട്ടാന്‍, പേര, നെല്ലി, ലിച്ചി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് ഇന്നലെ വിതരണം ചെയ്തത്. അമ്പലവയല്‍ ആര്‍.എ.ആര്‍.എസ്, വനംവകുപ്പ് എന്നിവയാണ് തൈകള്‍ ഒരുക്കിയത്. തൈ വിതരണത്തിനായി ബൂത്തുകളില്‍ എന്‍.എസ്.എസ്, എസ്.പി.സി വളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന വേളയില്‍ത്തന്നെ തൈകള്‍ നല്‍കിയിരുന്നു.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നിരന്തര ചര്‍ച്ചകളും യോഗങ്ങളും നടത്തിയാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. തെരഞ്ഞെടുപ്പിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കും ചുമതലകള്‍ക്കുമിടയില്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയുമോയെന്ന ആശങ്കകളെ ഉദ്യോഗസ്ഥര്‍ നിശ്ചയദാര്‍ഡ്യത്തോടെയും കൂട്ടായ പ്രയത്‌നങ്ങളിലൂടെയും മറികടന്നു. നാടിന്റെ നാനാ കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച അകമഴിഞ്ഞ പിന്തുണയും പദ്ധതിക്ക് വെള്ളവും വളവും നല്‍കി. വോട്ടെടുപ്പ് ദിവസവും പരിസ്ഥിതി ദിനത്തിലും നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ തുടര്‍ന്ന് സംരക്ഷിക്കുന്നതിന് കര്‍മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."