ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രം: ജീവനക്കാര്‍ കുറവ്, രോഗികള്‍ ദുരിതത്തില്‍
നെടുമങ്ങാട്: ആര്യനാട് ആശുപത്രിയില്‍ ജീവനക്കാര്‍ കുറവ്, രോഗികള്‍ ദുരിതത്തില്‍. സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരുടെ അഭാവം രോഗികളെ ദുരിതത്തിലാക്കുന്നു.
ആദിവാസികളുള്‍പ്പെടെ ദിവസവും ഒ.പി വിഭാഗത്തില്‍ തന്നെ അഞ്ഞൂറോളം രോഗികളെത്തുന്ന ആശുപത്രിയിലാണ് ഈ ഗതികേട്. 33 സെന്റില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ 20 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഇവിടെയുള്ളത് മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാര്‍. ഒ.പിയില്‍ രണ്ട് ഡോക്ടറുടെ സേവനം മാത്രമാണിപ്പോഴുള്ളത്. ഇതുമൂലം ഡോക്ടറെ കാണുന്നതിനായി രോഗികള്‍ക്ക് മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. തൊളിക്കോട്, ആര്യനാട്, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളിലുള്ള നിര്‍ദ്ധരാണ് ചികിത്സക്കായി പ്രധാനമായും ആര്യനാട് ആശുപത്രിയെ ആശ്രയിക്കുന്നത്.
നഴ്‌സിങ് അസി.ഗ്രേഡ് വണ്‍, ആശുപത്രി അറ്റന്റര്‍ ഗ്രേഡ് വണ്‍, പാര്‍ട്ട് ടൈം സീപ്പര്‍ എന്നിവരുടെ ഒഴിവുണ്ട്. ഒരു ഫാര്‍മസിസ്റ്റ് മാത്രമള്ളതിനല്‍ ഇവര്‍ക്ക് അവധിയെടുക്കുന്നതിനും കഴിയാറില്ല. മരുന്നുകളുണ്ടെങ്കിലും മൂന്ന് മാസത്തിലൊരിക്കലാണ് ഇവ ആശുപത്രിയിലെത്തിക്കുന്നത്. രോഗികളുടെ വര്‍ധനവ് കാരണം ഇത് രണ്ടരമാസത്തിനുള്ളില്‍ തന്നെ തീരും.
എക്‌സറേ യൂനിറ്റ്, ഇ.സി.ജി എന്നിവയൊന്നും ആശുപത്രിയിലില്ല. ആംബുലന്‍സ് സേവനവുമില്ല. ആശുപത്രിയിലെ മാലിന്യസംസ്‌കരണത്തിനും പ്രത്യേക സംവിധാനമില്ല. ഇപ്പോള്‍ ആശുപത്രിക്കായി സമീപത്ത് വാങ്ങികൂട്ടിയ അഞ്ച് സെന്റ് സ്ഥലത്ത് ഇവ കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. ആശുപത്രിയുടെ വികസനത്തിനായി ആനന്ദേശ്വരത്ത് വാങ്ങിയിട്ട വസ്തുവും വെറുതേ കിടക്കുകയാണ്. സി.എച്ച്.സി എന്നാണ് പേരെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ തസ്തികയിലെ ജീവനക്കാരാണ് ഇപ്പോഴും ഇവിടെയുള്ളതെന്നും ആക്ഷേപമുണ്ട്.
മുഴുവന്‍ സമയവും അത്യാഹിതവിഭാഗം ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇപ്പോഴുള്ള ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. ആവശ്യമുള്ള ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്യനാട് മണിക്കുട്ടന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."