ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച; പണത്തിനൊപ്പം ലോക്കറുകളും നഷ്ടമായി
കൊട്ടാരക്കര: ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 42 ലക്ഷം രൂപയും പണം സൂക്ഷിക്കുന്ന ലോക്കറുകളും മോഷ്ടാക്കള്‍ കടത്തി.
ചന്തമുക്കില്‍ ഓയൂര്‍ ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തെ ബഹുനില കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്റ് ടി എന്ന പണമിടപാടു സ്ഥാപനത്തില്‍ വ്യാഴാഴ്ച രാത്രി 2.30 ഓടെയാണ് കവര്‍ച്ച നടന്നത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും വായ്പ നല്‍കുന്ന സ്ഥാപനമാണ്.
ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഭിത്തിയോട് ചേര്‍ന്ന് ഉറപ്പിച്ചിരുന്ന പണമടങ്ങിയ ലോക്കര്‍ ഇളക്കിക്കൊണ്ട് പോവുകയായിരുന്നു. ഇന്നലെ വായ്പകാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് നടത്തിപ്പുകാര്‍
പറയുന്നു. സമീപത്തെ മാര്‍ജിന്‍ ഫ്രീ ഷോപ്പിന്റെ സി.സി.ടി.വി കാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളതായി പൊലിസ് അറിയിച്ചു. ബൈക്കിലെത്തിയ മൂന്നുപേരാണ് മോഷണം നടത്തിയത്.
കെട്ടിടത്തോട് ചേര്‍ന്നു സൂക്ഷിച്ചിരുന്ന കേടായ ബൈക്കില്‍ കയറി നിന്നാണ് മോഷ്ടാക്കള്‍ ഒന്നാം നിലയില്‍ എത്തിയത്. ഷട്ടറിന്റെ പൂട്ട് അറുത്ത് മാറ്റുകയായിരുന്നു. വില കുറഞ്ഞ പൂട്ടാണ് ഷട്ടറിന് ഉപയോഗിച്ചിരുന്നത്. സ്ഥാപനത്തിനുള്ളിലെ മറ്റ് മുറികള്‍ക്കൊന്നും അടച്ച് പൂട്ടുണ്ടായിരുന്നില്ല. ഇളക്കി മാറ്റിയ ലോക്കര്‍
ബൈക്കില്‍ തന്നെ കടത്തിക്കൊണ്ട് പോകുന്ന ഈ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.എന്നാല്‍ ധനകാര്യ സ്ഥാപനത്തിനുവേണ്ട സുരക്ഷാക്രമീകരണങ്ങളൊന്നും ഇവിടെ പാലിച്ചിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു.
ശരിയായ രീതിയല്‍ ഉറപ്പിക്കാത്തതും ഭാരം കുറഞ്ഞതുമായ ലോക്കറിലാണ് പണം സൂക്ഷിച്ചിരുന്നത്. ധനകാര്യ സ്ഥാപനമായിട്ടും കാമറ സ്ഥാപിക്കുകയോ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുകയോ ചെയ്തിട്ടില്ല. ഇത്രയധികം പണം സൂക്ഷിക്കേണ്ടി വരുമ്പോള്‍ അത് പൊലിസിനെ അറിയിക്കാനുള്ള നടപടിയും നടത്തിപ്പുകാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പൂട്ട് അറത്തുമാറ്റുവാന്‍ ഉപയോഗിച്ച 3 ഹാക്‌സോബ്ലയിഡും കത്തിയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ജീവനക്കാരുടെ മൊഴിയും വിരലടയാളങ്ങളും ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."