വിവിധ കേസുകളിലെ പ്രതികള്‍ പിടിയില്‍
കാലടി: സനല്‍ കൊലപാതകം, മഞ്ഞപ്ര ഗുണ്ട ആക്രമണം എന്നി കേസുകളില്‍ ഒളിവില്‍ പോയ മൂന്ന് പ്രതികളെ കാലടി പൊലിസ് പിടികൂടി. സനലിനെ കൊലപ്പെടുത്തിയ കേസില്‍ നീലീശ്വരം മേയ്ക്കാമഠം വീട്ടില്‍ സുജിത്ത് (22), മറ്റൂര്‍ വട്ടപ്പറമ്പ് ആലപ്പാട്ട് വീട്ടില്‍ മനീഷ് (23) മഞ്ഞപ്ര ഗുണ്ട ആക്രമണത്തില്‍ മറ്റൂര്‍ മരോട്ടിച്ചോട്ടില്‍ പാലാട്ടി വീട്ടില്‍ ജോസഫ് (22) എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. സനല്‍ കൊലപാതകത്തില്‍ നേരത്തെ പിടിയിലായ മുഖ്യപ്രതികളായ കാര രതീഷ്, എല്‍ദോ,ടോണി, ഗ്രിന്റേഷ് എന്നിവര്‍ക്ക് കൃത്യത്തിനു വേണ്ടി ഗൂഡാലോചന, ആയുധങ്ങള്‍ നിര്‍മ്മിക്കാല്‍ ഏര്‍പ്പാടാക്കല്‍, ആയുധങ്ങള്‍ എത്തിച്ചു നല്കല് എന്നിവ ചെയ്തത് സുജിത്തും, മനീഷും ചേര്‍ന്നാണ്.
കൊലപാതകത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.കര്‍ണ്ണാടകയിലെ ചിക്ക് മംഗ്ലൂരില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്.പ്രതികള്‍ ഉപയോഗിച്ച ബൈക്കും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ 26 ന് കാലടി പുത്തന്‍കാവ് ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ വച്ചാണ് സനലിനെ കൊലപ്പെടുത്തിയത്.സനലിന്റെ സംസ്ക്കാര ദിവസമായ സെപ്റ്റംബര്‍ 28 ന് രാത്രി എട്ട് മണിയോടെയാണ് മഞ്ഞപ്രയില്‍ ഗുണ്ട ആക്രമണം നടന്നത്. അയ്യമ്പുഴ നെട്ടിനമ്പിളളി കൊടിക്കാട്ട് വീട്ടില്‍ ആജീഷിനെയാണ് ഗുണ്ട സംഘം ആക്രമിച്ചത്.സംഭവത്തെ തുടര്‍ന്ന് ജോസഫ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആക്രമണവു ബന്ധപ്പെട്ട് 4 പേരെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതക ശ്രമം, മാരകായുധം ഉപയോഗിച്ചുള്ള കുറ്റകൃത്യം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ജോസഫ്. അന്വേഷണത്തില്‍ ആക്രമണത്തിന് ഉപയോഗിച്ച വാളുകളും കണ്ടെത്തി.
എസ്.പി. ഉണ്ണിരാജ ഐ.പി.എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി.ഐ സജി മാര്‍ക്കോസ്, എസ്.ഐ. നോബിള്‍ മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."