തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നു
ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നു. പാലത്തിനു മുകളിലെ കോണ്‍ക്രീറ്റിങ്ങ് സ്ലാബ് വാര്‍ക്കല്‍ അവസാന ഘട്ടത്തില്‍. ഒരു സ്ലാബുകൂടിയേ ഇനിപൂര്‍ത്തിയാകാനുള്ളു. ബോട്ടുകടത്തിവിടാനുള്ള ബോട്ടുലോക്കിന്റെ മുകള്‍ വാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.
ഇനി പാലത്തിന്റെ കൈവരി നിര്‍മ്മാണവും ഷട്ടര്‍ പിടിപ്പിക്കലുമാണ് തീരാനുള്ളത്. ബണ്ട് നിര്‍മ്മാണം എണ്‍പത്തി രണ്ട് ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞതായും സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം ഡിസംബറില്‍ തന്നെ ബണ്ട് കമ്മീഷന്‍ ചെയ്യുമെന്നും പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.184 കോടി രൂപായുടെ മൂന്നാംഘട്ട പദ്ധതി കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. ബണ്ടിലേയ്ക്ക് എത്തുന്ന ടൂറിസ്റ്റുകളുടേയും കായല്‍ യാത്രക്കാരുടേയും വിനോദത്തിനുള്ളവയും ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നടക്കുന്നത്.
കായലിനു മദ്ധ്യെ പഴയപാലങ്ങള്‍ ചേരുന്ന ഭാഗത്തെ ചിറകള്‍ 120 മീറ്റര്‍ നീളത്തില്‍ നിലനിര്‍ത്തും. ഈ ഭാഗത്ത് ഇപ്പോഴുള്ള മരങ്ങളും മുറിച്ചുമാറ്റില്ല. തറ ഇന്റര്‍ ലോക്ക് പാകി വണ്ടികള്‍ പാര്‍ക്കുചെയ്യാനുള്ള സൗകര്യവും ഒരുക്കും. ചെറിയ പാര്‍ക്കും ഭക്ഷണ ശാലകളും ഇവിടെ സജ്ജീകരിക്കുന്നതോടെ ബണ്ടിലെത്തുന്നവര്‍ക്ക് വിനോദ പ്രദാനം ചെയ്യാനും പദ്ധതിയില്‍ ലക്ഷ്യമിടുന്നു.
1286 മീറ്ററാണ് ബണ്ടിന്റെ ആകെ നീളം. കുട്ടനാട്ട് നെല്ല് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി 1957 ല്‍കുട്ടനാട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബണ്ട് നിര്‍മ്മിച്ചത്. കുട്ടനാട് പാടങ്ങളില്‍ ഓരുവെള്ളം കയറ്റവും വേലിയേറ്റം മൂലമുള്ള പ്രശ്‌നങ്ങളും ഒഴിവാക്കി മികച്ച നെല്ലുല്‍പ്പാദനത്തിന് വഴിയൊരുക്കുകയായിരുന്നു ബണ്ട് നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.1957 ല്‍ നിര്‍മ്മാണമാരംഭിച്ചെങ്കിലും ബണ്ടിന്റെ ഒന്നാം ഘട്ടം 1975 ലാണ് പൂര്‍ത്തിയായത്. അന്ന് ഏഷ്യയിലെ ഏറ്റവും വലിയ പാലമായാണ് തണ്ണിര്‍മുക്കം ബണ്ടിനെ വിശേഷിപ്പിച്ചിരുന്നത്. തണ്ണീര്‍മുക്കത്തുനിന്നായിരുന്നു ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം. പിന്നീട് അംബികാ മാര്‍ക്കറ്റില്‍ നിന്നും രണ്ടാം ഘട്ടവും പൂര്‍ത്തികരിച്ചു. മൂന്നാം ഘട്ട നിര്‍മ്മാണം ഓരോരോ കാരണങ്ങളാല്‍ നീണ്ടുപോയപ്പോള്‍ അവ ബാക്കിവെച്ച് അന്ന് കമ്മീഷന്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."