വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന തകൃതി
പൂച്ചാക്കല്‍: ചേര്‍ത്തലയുടെ വടക്കന്‍ മേഖലകളില്‍ സ്‌കൂള്‍,കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന തകൃതിയില്‍.അരൂര്‍,തുറവൂര്‍, പാണാവള്ളി, അരുക്കൂറ്റി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് കഞ്ചാവ് മാഫായാ സംഘങ്ങള്‍ പിടിമുറുക്കുന്നത്. വിദ്യാര്‍ഥികളടങ്ങിയ സംഘങ്ങളെ ലക്ഷ്യംവെച്ചാണ് പ്രവര്‍ത്തനം. വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് കഞ്ചാവ് വില്‍പ്പന.
പാണാവള്ളി പഞ്ചായത്തിന്റെ കാരാളപ്പതി, നാല്‍പ്പത്തെണ്ണീശ്വരം, മുട്ടത്തുകടവ്, ആഞ്ഞിലിത്തോട്, തൃച്ചാറ്റുകുളം, പെരുമ്പളം കവല മേഖലകളുംഅരൂക്കുറ്റി പഞ്ചായത്തിന്റെ കുടപുറം വടുതല, കൊമ്പനാമുറി, പുതിയപാലം, മാത്താനം, അരുക്കൂറ്റി തുടങ്ങിയ പ്രദേശങ്ങളിലുമാണ് കച്ചവടം പൊടിപൊടിക്കുന്നത്. കഴിഞ്ഞ ദിവസവും കഞ്ചാവ് വില്‍പ്പന സംഘത്തിലെ രണ്ടുപേരെ വടുതലയില്‍ നിന്ന് പൂച്ചാക്കല്‍ പൊലിസ് പിടികൂടിയിരുന്നു. അരൂക്കുറ്റി പഞ്ചായത്ത് പതിനേഴാം വാര്‍ഡ് നാങ്ങനാട്ട് വീട്ടില്‍ ബിന്‍ഷാദ്( 18), ഏഴാംവാര്‍ഡില്‍ കുന്നുംപറമ്പില്‍ അജ്മല്‍ (20) എന്നിവരെയാണ് പിടികൂടിയത്. ഒരുമാസം മുന്‍പ് പാണാവള്ളി മുട്ടത്തുകടവില്‍ കഞ്ചാവുമായി എത്തിയ നാല്‍പ്പത്തെണ്ണീശ്വരം സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പൊലിസിന് കൈമാറിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോള്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പ്പനയുമായി ബന്ധമുണ്ടെന്ന് പൊലിസിനു വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിയില്ല. കഴിഞ്ഞദിവസം രാത്രി മുട്ടത്തുകടവില്‍ തൃക്കാര്‍ത്തികപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച് മൂവ്വായിരത്തോളം രൂപ മോഷ്ടിച്ചു. ഇതിനു പിന്നിലും കഞ്ചാവ് സംഘങ്ങളാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച ബൈക്കില്‍ മുട്ടത്തുകടവ് പ്രദേശത്തുവെച്ച് കഞ്ചാവ് സംഘത്തെ പൊലിസ് പിന്‍തുടര്‍ന്നെങ്കിലും പൊലിസുകാരുടെ ബൈക്ക് സൈക്കിള്‍ യാത്രക്കാരനുമായി കൂട്ടിയിടിച്ചതോടെ കഞ്ചാവ് സംഘത്തില്‍പ്പെട്ടവര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കലാലയങ്ങളിലെ പരിസരത്തെ ഇടവഴികളില്‍ ഇരുചക്ര വാഹനത്തിലെത്തിയാണ് ചെറിയ പൊതികളാക്കി വില്‍പന നടത്തുന്നത്. പരിചയമില്ലാത്തവരെ നാട്ടുകാര്‍ ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്തലാണ് പതിവ്.
വൈകുന്നേരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം നടത്തുന്നതിന് സ്‌കൂള്‍ പരിസരത്തെ പ്രധാന ബസ് സ്റ്റോപ്പുകളിലും സംഘം സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. കഞ്ചാവിന് പുറമെ മയക്കുമരുന്നും ഇവര്‍ വില്‍പ്പന നടത്തുന്നതായാണ് വിവരം. കായലോര പ്രദേശങ്ങളിലെത്തിയാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ലഹരി ഉപയോഗിക്കുന്നത്. തീരത്തിന് സമീപമുള്ള കുറ്റിക്കാടുകളില്‍ സിറിഞ്ചും മയക്ക് മരുന്ന് കുപ്പിയും ഉപേക്ഷിച്ച നിലയില്‍ ഇവിടെ കാണാം. പൊലിസ് പിടികൂടുന്ന കഞ്ചാവ് സംഘങ്ങളെ സംരക്ഷിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നതാണ് പൊലിസിനെയും കുഴപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."