ഭിക്ഷാടനം; കുട്ടികളുമായെത്തിയ സ്ത്രീയെ നാട്ടുകാര്‍ താക്കീതുചെയ്തു
കൊടുങ്ങല്ലൂര്‍: കുട്ടികളെ ഉപയോഗപ്പെടുത്തിയും കൈകുഞ്ഞുങ്ങളെ എടുത്തു കൊണ്ടുമുള്ള സ്ത്രീകളുടെ ഭിക്ഷാടനം മേഖലയില്‍ വ്യാപകമായി. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനത്തിന് ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി.
അഴീക്കോട് പുത്തന്‍പള്ളി ജുമാമസ്ജിദിന് മുന്നില്‍ ഇന്നലെ നമസ്കാര സമയത്താണ് ഒമ്പതും, അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളെ ഭിക്ഷാടനത്തിനായി എത്തിച്ചത്. പള്ളിയുടെ പ്രധാന ഗെയ്റ്റില്‍ ഭിക്ഷ യാചിക്കുന്ന കുട്ടികളെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതിനിടയിലേക്ക് കുട്ടികളുടെ രക്ഷകര്‍ത്താവെന്ന് പറഞ്ഞ് എത്തിയ സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
വിവരം പൊലിസില്‍ അറിയിച്ചുവെങ്കിലും പൊലിസ് എത്തുവാന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ത്രീയെ താക്കീത് ചെയ്ത് വിടുകയായിരുന്നു.
കൊടുങ്ങല്ലൂരിലെ പ്രധാന ബസ് സ്റ്റോപ്പുകളിലൊക്കെ തിരക്കേറിയ സമയങ്ങളില്‍ ഇത്തരത്തിലുള്ള സ്ത്രീകള്‍ കൈകുഞ്ഞുങ്ങളുമായി ഭിക്ഷാടനത്തിന് എത്തുന്നത് അടുത്തകാലത്തെ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."