മലമ്പുഴയിലെആദിവാസി കുടുംബങ്ങള്‍ക്ക് 35കിലോ റേഷനരി നല്‍കുന്നില്ലെന്നു പരാതി
പാലക്കാട്: മലമ്പുഴ എലിവാലിലും പരിസരങ്ങളിലും താമസിക്കുന്ന ആദിവാസികുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള റേഷന്‍ അരി നല്‍കാതെ റേഷന്‍ കടയുടമയുടെ വഞ്ചന. മലമ്പുഴയിലെ എ.ആര്.ഡി.36 നമ്പര്‍ റേഷന്‍ കടയുടമയാണ് ആദിവാസികുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അളവില്‍ അരി നല്‍കാതെ വഞ്ചിക്കുന്നത്. 35 കിലോ അരി സൗജന്യമായി നല്‍കണം. എന്നാല്‍, ആദിവാസികള്‍ക്ക് കാര്‍ഡൊന്നിന് 20 കിലോ അരിയാണ് നല്കി വരുന്നതെന്ന് ആദിവാസി കുടുംബങ്ങള്‍ പരാതി പെട്ടു. ഇത് സംബന്ധിച്ചു സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിഎടുത്തിട്ടില്ല
എലിവാല്, കൊല്ലംകുന്ന്, പാറക്കളം, പത്തേക്കാട്, വെള്ളെഴുത്താന്‍പൊറ്റ, പട്ടറോഡ് എന്നിവിടങ്ങളിലെ അന്‍പതിലധികം വരുന്ന ആദിവാസി കുടുംബങ്ങള്‍ ഈ റേഷന്‍ കടയില്‍ നിന്നാണ് അരിയും മറ്റും വാങ്ങുന്നത്. അകമലവാരത്തെ മറ്റു ചില ആദിവാസി കുടുംബങ്ങള്‍ മന്തക്കാട്ടിലെ മറ്റൊരു റേഷന്‍ കടയില്‍ നിന്ന് അരി വാങ്ങുന്നുണ്ട്. ഇവര്‍ക്കെല്ലാം കൃത്യമായി 35 കിലോ അരി നല്‍കാറുണ്ടെന്ന് ആദിവാസികള്‍ പറഞ്ഞു.
സര്‍ക്കാര്‍ ആദിവാസികള്‍ക്ക് സൗജന്യമായി 35 കിലോ അരി നല്‍കുമെന്ന് പ്രഖ്യാപിച്ച അന്നുമുതല്‍ എസ്.പി.ലൈനില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ നിന്ന് ബി.പി.എല്‍ ലിസ്റ്റില്‍ പെട്ട എ.എ.വൈ കാര്‍ഡുള്ള ഇവര്‍ക്ക് 20 കിലോ അരി മാത്രമേ നല്‍കാറുള്ളുവെന്ന് ആദിവാസി കുടുംബങ്ങള്‍ പറഞ്ഞു. മിക്കപ്പോഴും ഗോതമ്പും, പഞ്ചസാരയും നല്കാറുമില്ലത്രേ.
എട്ടു കിലോമീറ്റര്‍ നടന്നാണ് ഈ റേഷന്‍ ഷോപ്പില്‍ നിന്നും അരി ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരകണക്കിന് കിലോ അരിയാണ് കടയുടമ ആദിവാസികളെ പറ്റിച്ചു മറിച്ചു വിറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."