കാലം മാറിയിട്ടും മാറ്റമില്ലാതെ ജില്ലയിലെ മണ്‍പാത്ര വിപണി
കുഴല്‍മന്ദം: മണ്‍പാത്ര നിര്‍മാണത്തൊഴിലാളികള്‍ എന്നും തിരക്കില്‍ തന്നെയാണ്. പുതിയ സര്‍ക്കാര്‍ തങ്ങളുടെ കുലത്തൊഴില്‍ നേരിടുന്ന പ്രതിസന്ധികള്‍ നീക്കം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലും പ്രതീക്ഷയിലുമാണ്. അതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്ന പിന്നോക്ക ക്ഷേമ ബോര്‍ഡിന്റെ ധനസഹായം ഇവര്‍ക്ക് കിട്ടിത്തുടങ്ങി. ഇത്തവണത്തെ ഓണവിപണിയിലും മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. പെന്‍സ്റ്റാന്റ്, പൂച്ചട്ടി, കളിപ്പാട്ടങ്ങള്‍, കലങ്ങള്‍ തുടങ്ങി നിര്‍മിച്ച എല്ലാ പാത്രങ്ങളും വിപണിയില്‍ ചൂടപ്പം പോലെ വിറ്റുപോകുകയായിരുന്നു.
സ്റ്റീല്‍, അലുമിനിയം, നോണ്‍സ്റ്റിക് പാത്രങ്ങളുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാകാം ഇപ്പോള്‍ മണ്‍പാത്രത്തിന് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. കോഴിക്കോട്, തലശ്ശേരി, എറണാകുളം ജില്ലകളിലാണ് ആവശ്യക്കാര്‍ ഏറെയും. വില ഏകീകരണമില്ലാത്തതിനാല്‍ ചിലപ്പോള്‍ നഷ്ടമുണ്ടാവാറുണ്ടെങ്കിലും വന്‍തോതില്‍ വിറ്റുവരവുണ്ട്. ആവശ്യത്തിന് അനുസരിച്ച് പാത്രങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ സാധിക്കുന്നില്ല. മണ്ണെടുക്കുന്നതിന് നിയന്ത്രണം വന്നതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് അഞ്ച് യൂണിറ്റ് കളിമണ്ണ് ആവശ്യമുണ്ട്. നിലവില്‍ ഇതിന്റെ പകുതിപോലും ലഭിക്കുന്നില്ല. ഒരു യൂണിറ്റ് കളിമണ്ണ് 4000 രൂപ നല്‍കിയാണ് സ്വകാര്യ വ്യക്തികളില്‍നിന്നും വാങ്ങുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള ജില്ലയാണ് പാലക്കാട്. 92 കോളനികളില്‍ 15000 കുടുംബങ്ങളിലായി 45000 തൊഴിലാളികള്‍ ഊ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. 2013ല്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചെങ്കിലും നടപടിയായില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമൂലം യുവാക്കള്‍ ഭാഗികമായി മാത്രമേ കുലത്തൊഴില്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നുള്ളൂ. ഒട്ടേറെ തൊഴില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ജനപക്ഷത്തുള്ള സര്‍ക്കാരില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുകയാണ് കളിമണ്‍പാത്ര നിര്‍മാണ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."