കുറ്റ്യാടിയില്‍ ഷെഡില്‍ സൂക്ഷിച്ച രണ്ട് ക്വിന്റല്‍ മാംസാവശിഷ്ടങ്ങള്‍ പിടികൂടി
കുറ്റ്യാടി (കോഴിക്കോട്): വൈകുന്നേര കടകളിലും ഹോട്ടലുകളിലും ആവേശത്തോടെ ചെന്ന് കയറി കഴിക്കുന്ന ഷവര്മ്മയടക്കമുള്ള ജംങ് ഫുഡുകളില്‍ വ്യാപക മായം ചേര്‍ക്കലെന്ന് സംശയം. കുറ്റ്യാടി വിലങ്ങാട് ഉരുട്ടിയില്‍ നിന്നു പിടികൂടിയ മാംസാവശിഷ്ടങ്ങളാണ് സംശയമുണർത്തുന്നത്.
ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ മാംസം സംസ്കരിച്ച് പൊടിയാക്കി ഡല്‍ഹിയിലേക്കു കയറ്റിയയക്കുന്ന നരിപ്പറ്റ പഞ്ചായത്തിലെ മുണ്ടോങ്കണ്ടിയിലെ കേന്ദ്രത്തിലാണ് കുറ്റ്യാടി പൊലിസും ആരോഗ്യ വകുപ്പ് അധികൃതരും റെയ്ഡ് നടത്തിയത്.
ആട്, പശു തുടങ്ങിയവയുടെ മാംസാവശിഷ്ടങ്ങളാണ് കുറ്റ്യാടി പൊലിസ് ഇവിടെ നിന്ന് പിടികൂടിയത്. ഓല കൊണ്ട് കെട്ടിയ ഷെഡ്ഡിലായിരുന്നു അവശിഷ്ടം സൂക്ഷിച്ചിരുന്നത്. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി പൊലിസും, ഹെല്‍ത്ത് ഇന്‍സ്പക്ടറും സ്ഥലത്തെത്തിയാണ് പ്ലാസ്റ്റിക്ക് പെട്ടിയിലായിരുന്ന അവശിഷ്ടം കസ്റ്റഡിയിലെടുത്തത്.
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ചേരുവയ്ക്കായി മാംസം പൊടിച്ച് അയക്കുന്നതിനൊപ്പം മാലിന്യങ്ങളും ഉള്‍പ്പെടുത്തുന്നുവെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബാദ്പൂര് സ്വദേശികളായ ഷഹസാദ് അലി (25), നദീം (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാദാപുരം, കല്ലാച്ചി മേഖലകളിലേക്ക് ഷവര്‍മ ഉണ്ടാക്കാനായും ഈ മാലിന്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അമോണിയ പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് മാംസാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്നത്.
അറവു കേന്ദ്രങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഉപയോഗശൂന്യമായ മാംസാവശിഷ്ടങ്ങളും എല്ലുകളും വേര്‍തിരിച്ച് ഉത്തരേന്ത്യയിലേക്കു അയക്കുകയാണ് ചെയ്യുന്നതെന്നു പിടിയിലായവര്‍ പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."