മലപ്പുറത്തെ ആക്ഷേപിച്ചു വീണ്ടും സുബ്രഹ്മണ്യംസ്വാമി രംഗത്ത്
ന്യൂഡല്‍ഹി: മലപ്പുറം ജില്ലയെ മോശമായ ഭാഷയില്‍ വീണ്ടും അധിക്ഷേപിച്ചു ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ മലപ്പുറത്ത് ഹിന്ദുക്കള്‍ പലായനം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമികവല്‍കരണവും ഭീകരാക്രമണങ്ങളും ഇന്ത്യയെ പ്രതികൂലമായി ബാധിക്കുകയാണ്.
മുസ്‌ലിംകള്‍ എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ അവിടെയെല്ലാം ഹിന്ദുക്കള്‍ നരകിക്കുകയാണ്. മുസലിംകള്‍ ഭൂരിപക്ഷമായ കശ്മീരില്‍ നിന്ന് ഹിന്ദുക്കള്‍ പലായനംചെയ്യപ്പെടേണ്ടിവന്നു. അതുപോലെ തന്നെയാണ് മുസ്‌ലിംകള്‍ ബഹുഭൂരിപക്ഷമായ കേരളത്തിലെ മലപ്പുറം ജില്ലയിലെ സാഹചര്യമെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ കഴിഞ്ഞയാഴ്ച നടത്തിയ പരിപാടിയിലാണ് മലപ്പുറം ജില്ലയ്‌ക്കെതിരായ സ്വാമിയുടെ അധിക്ഷേപം. 'ഇന്ത്യയും പാകിസ്താനും: ഒരുഉപഭൂഖണ്ഡ വിഷയം' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളുടെ അവസ്ഥ വളരെ ഭീകരമാണ്. അവിടേക്കു പോലിസിനു ചെല്ലാന്‍പോലും പറ്റാത്ത സാഹചര്യമാണുള്ളത്. ശരീഅത്ത് നിയമമാണ് അവിടെ നിലവിലുള്ളത്. ഹിന്ദുവിന്റെ സ്വത്ത് മുസ്‌ലിംകളല്ലാത്ത ഒരാള്‍ക്കും അവിടെ വില്‍ക്കാന്‍ കഴിയില്ല. ഇതുതന്നെയാണ് മുസ്‌ലിംകള്‍ എവിടെ ഭൂരിപക്ഷമായാലും ഉള്ള അവസ്ഥയെന്നും മലപ്പുറത്തെ കുറിച്ചു സംസാരിക്കവെ സ്വാമി പറഞ്ഞു.
അതിര്‍ത്തിയിലെ ഏതുചെറിയ പ്രകോപനത്തിനും ചുട്ട മറുപടി കൊടുത്താല്‍ മാത്രമെ അതിര്‍ത്തികടന്നുള്ള തീവ്രവാദം അവസാനിക്കൂവെന്നും നേരത്തെയുണ്ടായിരുന്നതുപോലുള്ള പാവസര്‍ക്കാരുകളല്ല ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ രാജ്യസഭാംഗം കൂടിയായ സുബ്രഹ്മണ്യംസ്വാമി ഇതാദ്യമായല്ല മലപ്പുറത്തം കുറിച്ചു നീചമായ ഭാഷയില്‍ സംസാരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് യോഗം പോലും ചേരാനാകാത്ത സാഹചര്യമാണുള്ളതെന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സ്വാമി ആരോപിച്ചിരുന്നു. മലപ്പുറത്ത് നിന്നുള്ള ഹിന്ദുക്കള്‍ തന്റെയടുക്കല്‍ വന്ന് ഇതേകുറിച്ച് പരാതി പറഞ്ഞുവെന്നും സ്വാമി അവകാശപ്പെട്ടിരുന്നു. റംസാന്‍ മാസം മലപ്പുറത്തെ ഹിന്ദുക്കളുടെ കടകള്‍ മുസ്‌ലിംകള്‍ ബലമായി അടപ്പിക്കാറുണ്ടെന്നും മറ്റൊരിക്കല്‍ സ്വാമി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."